കാസര്‍കോട്: കാസര്‍കോട് വെടിവെപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിനെ അക്രമിച്ച കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് (മൂന്ന്) കോടതിയില്‍ ആരംഭിച്ചു. ടി.എം സമീര്‍, സജീര്‍, റഷീദ്, നൗഷാദ്, നവാസ്, മുഹമ്മദ് റഷീദ്, റമീസ്, താഹ, ഷംസുദ്ദീന്‍, അര്‍ഷാദ്, യാസര്‍, മുഹമ്മദ് കുഞ്ഞി, സൈനുദ്ദീന്‍, അബ്ദുല്ല, മുസ്തഫ, സത്താര്‍, ആരിഫ്, ഉബൈദ്, ഇര്‍ഫാന്‍, നൗഷാദ് തുടങ്ങിയവരാണ് കേസിലെ പ്രതികള്‍. ഇവര്‍ ഹൊസ്ദുര്‍ഗ്, ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ താമസക്കാരാണ്. 29-ാം പ്രതി എം.ടി.പി സത്താര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് കേസില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സംഭവത്തില്‍ 47 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതില്‍ 23 പേരുടെ വിചാരണയാണ് ആരംഭിച്ചത്. 5 പ്രതികളുടെ വിചാരണ ജൂവനൈല്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. 147 സാക്ഷികളാണുള്ളത്. 2009 നവംബര്‍ 15ന് വൈകിട്ടാണ് സംഭവം. മുസ്ലിംലീഗ് നേതാക്കള്‍ക്ക് കാസര്‍കോട്ട് നല്‍കിയ സ്വീകരണ ചടങ്ങിനിടെയുണ്ടായ സംഘര്‍ഷത്തിനിടെ അന്നത്തെ എസ്.പി രാംദാസ് പോത്തന്റെ വെടിവെപ്പില്‍ കൈതക്കാട് സ്വദേശിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. സംഘര്‍ഷത്തില്‍ രാംദാസ് പോത്തനടക്കം 28 പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയടക്കമുള്ള വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരുന്നത്.