കാസര്‍കോട്: ദേശീയപാതകളിലെ പാതാളക്കുഴികള്‍ അടച്ചില്ലെങ്കില്‍ റോഡില്‍ കുത്തിയിരിക്കുമെന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ ഭീഷണി ഫലം കണ്ടു. തലപ്പാടി മുതല്‍ കാലിക്കടവ് വരെ 25 ലക്ഷം രൂപ വീതമുള്ള 16 റീടാറിംഗ് പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ദേശീയപാത ചീഫ് എഞ്ചിനീയര്‍ ജില്ലയിലെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വ്യാഴാഴ്ച റീടാറിംഗ് പണി ആരംഭിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ അറിയിച്ചു.
തലപ്പാടി മുതല്‍ കാസര്‍കോട് അടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത തകര്‍ന്ന് തരിപ്പണമായി കിടക്കുകയാണ്.
കൂറ്റന്‍ കുഴികളാണ് പലയിടത്തും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഇതുമൂലം ജനങ്ങള്‍ക്കുള്ള ദുരിതം ചെറുതൊന്നുമല്ല. ഈ സാഹചര്യത്തിലാണ് റോഡ് ഉടന്‍ റീടാര്‍ ചെയ്തില്ലെങ്കില്‍ രണ്ടുദിവസത്തിനകം താന്‍ റോഡില്‍ കുത്തിയിരിക്കുമെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ദേശീയപാത വിഭാഗം ചീഫ് എഞ്ചിനിയറെ വിളിച്ചറിയിച്ചത്. തലപ്പാടി മുതല്‍ ഉപ്പള വരെ റീടാറിംഗിന് തുക പാസായിട്ടുണ്ട്.
ഉപ്പള മുതല്‍ കുമ്പളവരെ ടെണ്ടറും കുമ്പള മുതല്‍ കാസര്‍കോട് വരെ എസ്റ്റിമേറ്റും ആയിട്ടുണ്ട്. എന്നാല്‍ സാങ്കേതിക തടസ്സങ്ങള്‍ നീക്കി പണി തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ സാഹചര്യത്തിലാണ് ക്വട്ടേഷന്‍ ക്ഷണിച്ച് റീടാറിംഗ് ജോലികള്‍ക്കുള്ള നടപടി തുടങ്ങണമെന്ന് എം.എല്‍.എ ആവശ്യപ്പെട്ടത്.
25 ലക്ഷം രൂപവരെയുള്ള പ്രവൃത്തികള്‍ക്ക് ക്വട്ടേഷന്‍ ക്ഷണിക്കാനാണ് ചീഫ് എഞ്ചിനീയര്‍ക്ക് അധികാരമുണ്ട്. ഇതുപ്രകാരം അദ്ദേഹം 16 പ്രവൃത്തികള്‍ക്കുള്ള ക്വട്ടേഷന്‍ ക്ഷണിക്കാന്‍ ജില്ലാ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുകയായിരുന്നു.