മംഗളൂരു: മലയാളികള്‍ ഉള്‍പ്പെട്ട വ്യാജ അന്വേഷണ സംഘത്തെ മംഗളൂരുവില്‍ അറസ്റ്റ് ചെയ്തതായി മംഗളൂരു പൊലീസ് കമ്മീഷണര്‍ ഡോ. പി.എസ്. ഹര്‍ഷ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരില്‍ വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും താമസിച്ചാണ് ഇവര്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വന്നത്. മംഗളൂരു, ബംഗളൂരു എന്നിവിടങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന കേന്ദ്ര ഏജന്‍സിയുടെ രഹസ്യ വിവരത്തെ തുടര്‍ന്നാണ് വിവിധ ഹോട്ടലുകളിലും ലോഡ്ജുകളിലും റെയ്ഡ് നടത്തിയത്. പമ്പ് വെല്ലിലെ ഒരു ലോഡ്ജില്‍ നിന്നാണിവരെ ഇന്നലെ രാത്രി പിടികൂടിയത്. മംഗളൂരു, മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പ്രതികള്‍. കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇവര്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായാണ് അറിയുന്നത്. പ്രതികളെ പൊലീസ് ചോദ്യം ചെയ്തുവരുന്നു.
സാം പീറ്റര്‍ എന്ന മലപ്പുറം സ്വദേശിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. വി.ഐ.പികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവരുടെ വലയില്‍ വീണതായി സംശയിക്കുന്നു. കേന്ദ്ര ഏജന്‍സിയുടേതെന്ന് തോന്നിക്കുന്ന സ്റ്റിക്കര്‍ വാഹനങ്ങളില്‍ ഉപയോഗിച്ചായിരുന്നു യാത്ര.
പമ്പ് വെല്ലിലെ ഒരു ലോഡ്ജിലും തൊട്ടടുത്തുള്ള ലോഡ്ജുകളിലും താമസിച്ച് കര്‍ണാടകയിലെ ചിലരെ വലയില്‍ കുടുക്കിയാണ് പണം തട്ടിയിരുന്നത്.
നാഷണല്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ എന്ന പേരിലുള്ള സ്റ്റിക്കറുകളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
മംഗളൂരു ഈസ്റ്റ് പൊലീസ് പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. ഇവരുടെ വാഹനങ്ങളും പൊലീസ് പിടികൂടിയിട്ടുണ്ട്. കാസര്‍കോട് ജില്ലയിലും സമാനരീതിയിലുള്ള തട്ടിപ്പുമായി ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.