മനുഷ്യന്‍, അവന്റെ ഉത്ഭവകാലം മുതലേ കഥകള്‍ പറയുന്നുണ്ട്. അക്ഷരങ്ങള്‍ നിലവില്‍ വരുന്നതിനും മുമ്പേ വാമൊഴിയായിട്ടാണ് കഥകള്‍ പ്രചരിച്ചിരുന്നത്. അത്തരം കഥകള്‍ ഒരു ദേശം കടന്ന് മറ്റ് പല ദേശങ്ങളിലും സഞ്ചരിക്കുന്നു. ആദ്യകാലങ്ങളില്‍ സംഭവങ്ങളും ചരിത്രങ്ങളും അനുഭവങ്ങളും ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്ന് കൊണ്ടിരുന്നത് ഇത്തരം ആഖ്യാനങ്ങളിലൂടെയാണ്. ആ കാലഘട്ടങ്ങളിലെ പ്രധാന സംവേദനമാധ്യമം വായ്പ്പാട്ടുകളും കവിതകളുമായിരുന്നു. പിന്നീട് നാടകങ്ങളും കഥകളും നോവലുമൊക്കെ നമ്മുടെ സാഹിത്യശാഖയിലേക്ക് കടന്നു വന്നു. പിന്നീട് ചലച്ചിത്രത്തിന്റെ സാങ്കേതിക വിദ്യ കൈവശമായപ്പോള്‍, ജനങ്ങളിലേക്ക് അതിവേഗം ഇറങ്ങിച്ചെല്ലുന്ന ദൃശ്യസാഹിത്യമായി മാറി സിനിമ.
ഒരു നോവല്‍ എഴുതുന്നത് പോലെയല്ല കഥയെഴുത്ത്. നോവല്‍ രചനയില്‍ രചനയില്‍ എഴുത്തുകാരന്‍ രചനാവേളയില്‍ ധാരാളം സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട്. നോവലിസ്റ്റിന്റെ ക്യാന്‍വാസ് വളരെ വലുതാണ്. നോവലില്‍ ഒരു ഖണ്ഡികയോ, ചിലപ്പോള്‍ ഒരു അധ്യായം തന്നെയോ അധികമായാല്‍, സൃഷ്ടിയെ അത് സാധാരണഗതിയില്‍ ബാധിക്കുകയില്ല.
എന്നാല്‍ നോവലില്‍ നിന്നുമിറങ്ങി ചെറുകഥാ നിര്‍മ്മിതിയിലേക്ക് ഒരു എഴുത്തുകാരന്‍ പ്രവേശിക്കുമ്പോള്‍, അയാള്‍ ഒട്ടനേകം പരിമിധികള്‍ക്കകത്ത് അടക്കപ്പെടുന്നു. ഒരു വലിയ ഫ്രെയിമിനകത്ത് പറയേണ്ട കാര്യങ്ങള്‍ ഒരു ചെറിയ ചട്ടക്കൂടിനകത്ത് ഒതുക്കി നിര്‍ത്തിപ്പറയാന്‍ കഥാകൃത്ത് നിര്‍ബന്ധിതനാകുന്നു.
പതിനെട്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഫ്രഞ്ച് സാഹിത്യകാരനായ ബല്‍സാക്കിനെപ്പോലുള്ള വിഖ്യാതരായ എഴുത്തുകാര്‍, ഒരു കാലഘട്ടത്തെ ഏറെക്കുറെ മുഴുവനായും തന്നെ ചെറുകഥകളില്‍ അടയാളപ്പെടുത്തി വെക്കുന്നുണ്ട്. എന്നാല്‍ ചെറുകഥയുടെ ഫ്രെയിമില്‍ നിന്നും വീണ്ടും ഇറങ്ങി വന്ന് കുഞ്ഞിക്കഥയുടെ അഥവാ മിനിക്കഥയുടെ ഫ്രെയിമിനകത്ത് ഒരാള്‍ കഥ പറയാന്‍ ശ്രമിക്കുമ്പോള്‍ ആ എഴുത്തുകാരന്‍ തികച്ചും ഒരു സെല്ലിനകത്ത് അടക്കപ്പെട്ട അവസ്ഥയിലെത്തിച്ചേരുന്നു. ആ ചെറിയ സെല്ലിനകത്ത് നിന്ന് കൊണ്ട് വേണം കഥാകൃത്തിന്, വിശാലമായ ഈ ലോകത്തോട്, ലോകത്തോളം വലിപ്പമുള്ള കാര്യങ്ങള്‍ പറയാന്‍. അവിടെ ഒരു വാക്ക് പോലും അധികമോ അനാവശ്യമോ ആകരുത്.
ഒരു വാക്ക് അധികമായാല്‍ വ്രണമായി അത് മുഴച്ച് നില്‍ക്കും. അത് കൊണ്ട് തന്നെ കുഞ്ഞിക്കഥാ നിര്‍മ്മിതി ഏറെ ക്ലേശകരമാണ്. ബഷീര്‍ മുളിവയല്‍ എന്ന എഴുത്തുകാരന്‍ അത്തരമൊരു സാഹസവൃത്തിയിലൂടെ തന്റെ ചുവന്ന മഷി കൊണ്ട് ഒരടിവര എന്ന കഥാസമാഹാരം പൂര്‍ത്തീകരിച്ചത്.
ഒളിച്ചും പൊത്തിയും എന്ന കഥയിലൂടെ ബഷീര്‍ മുളിവയല്‍ തന്റെ സര്‍ഗവൈഭവം വെളിപ്പെടുത്തുന്നുണ്ട്. ഈ കഥ നൂലിഴ കീറി വേര്‍തിരിച്ചെടുക്കുമ്പോള്‍, നിത്യജീവിതത്തിലെ നിരവധി ബിംബങ്ങള്‍ വായനക്കാരന് മുമ്പില്‍ അനാവരണം ചെയ്യപ്പെടുന്നു. നാല് ചുവരുകള്‍ക്ക് അകത്ത് ജീവിതം അടക്കം ചെയ്യപ്പെടുന്ന കുട്ടികള്‍ക്ക് നിഷേധിക്കപ്പെടുന്നത് , കളിക്കളത്തിന്റെ വിശാലതയും ജീവിതത്തിന്റെ തുറന്നിടലുമാണ്. അതിവിശാലമായ ചിന്താ ധാരയില്‍ നിന്നും അതിരുകള്‍ നിര്‍ണ്ണയിക്കപ്പെട്ട നാല് ചുവരുകള്‍ക്കകത്ത് അവരുടെ ചിന്തകളെയും തളച്ചിടുന്നു. തന്മൂലം ജീവിതത്തിന്റെ കാഴ്ചപ്പാടുകള്‍ സങ്കുചിത വൃത്തത്തിനകത്ത് മാത്രമായിത്തീരുന്നു. അടക്കി വെച്ച മലയാള പുസ്തകങ്ങള്‍ക്ക് പിറകിലേക്ക് കുട്ടികള്‍ മറയുന്നതിലൂടെ, മലയാള ഭാഷയോട് നാം വെച്ച് പുലര്‍ത്തുന്ന അവഗണന വായനക്കാര്‍ക്ക് മുമ്പില്‍ തുറന്നിടുകയാണ് എഴുത്തുകാരന്‍. വളരെ കൃത്യമായി മൂര്‍ച്ഛയേറിയ പ്രയോഗത്തിലൂടെയാണ് കഥാകൃത്ത് ഈ കഥ അവസാനിപ്പിക്കുന്നത്. പോംവഴി എന്ന കഥയിലൂടെ പ്രവാസത്തിന്റെ തീരാത്ത നോവ് അവതരിപ്പിക്കുന്നുണ്ട് കഥാകൃത്ത്. രണ്ട് ഇടങ്ങളിലെ മനുഷ്യരുടെ ചിന്തകള്‍ എങ്ങനെ വരണ്ടതും നനവുള്ളതുമാണെന്ന് കഥാകൃത്ത് വരച്ചിടുന്നു.
മാറിക്കൊണ്ടിരിക്കുന്ന കാലത്ത് സാങ്കേതിക വിദ്യ എങ്ങനെയാണ് മനുഷ്യബന്ധങ്ങളെ വിവക്ഷിക്കുന്നതെന്ന് അനാവൃതമാക്കുന്ന കഥയണ് മുന്‍ കരുതല്‍.
ദുരീകരിക്കപ്പെട്ടു പോകുന്ന മാതൃ ശിശു ബന്ധത്തെ തുറന്നിടുന്ന കഥയാണ് കോഡ്‌ലസ് എന്ന കഥ.
മാതൃരാജ്യത്തിന് നേരെ ഭീകരപ്രവര്‍ത്തനം നടത്തുന്നവരോടുള്ള കഥാകൃത്തിന്റെ ശക്തമായ പ്രതിഷേധമാണ് ഭീകരം. അമ്മയും കുഞ്ഞും സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറി കുഞ്ഞ് കളിത്തോക്ക് വാങ്ങി അമ്മയ്ക്ക് നേരെ നിറയൊഴിക്കുന്നതിലൂടെയാണ് കഥാകൃത്ത് ഈ കഥ പറഞ്ഞ് പോകുന്നത്. നഗ്‌നര്‍ എന്ന കഥയില്‍ ഭൂരിപക്ഷ നൈതികതയെയാണ് കഥാകൃത്ത് ചോദ്യം ചെയ്യുന്നത്. പലയിടങ്ങളിലായി ചിതറിത്തെറിച്ച മനുഷ്യരുടെ കരിഞ്ഞ ജീവിതത്തെയാണ് ജ്വലിക്കുന്ന ചിന്തകള്‍ ബഷീര്‍ മുളിവയല്‍ എന്ന കഥാകൃത്ത് ആവിഷ്‌കരിച്ചത്. പ്രണയം, പ്രവാസം, ജീവിതം, ഭക്തി എന്നിവയെല്ലാം പലപ്പോഴായി ഇതിലെ കഥകളില്‍ കയറിയിറങ്ങിപ്പോകുന്നു. അമ്പത്തെട്ട് മിനിക്കഥകള്‍ ചേര്‍ന്ന ഈ സമാഹാരം പ്രസിദ്ധീകരിച്ചത് ഫിന്‍ഗര്‍ ബുക്‌സ് ആണ്. വില 80 രൂപ. പേജ് 72.