ബദിയടുക്ക: വാഹനാപകടത്തില്‍ പരിക്കേറ്റ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കൃഷി ഓഫീസര്‍ മരിച്ചു. ബദിയടുക്ക കൃഷിഭവന്‍ അസി. ഓഫീസറും മുള്ളേരിയ കോട്ടൂര്‍ നെക്രംപാറ പാത്തനടുക്കയിലെ പരേതരായ കരുണാകരന്‍-ശാന്ത ദമ്പതികളുടെ മകനുമായ രാധാകൃഷ്ണന്‍ (38) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ സഹപ്രവര്‍ത്തകന്‍ ഉണ്ണികൃഷ്ണനൊപ്പം ബൈക്കില്‍ ഓഫീസിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബോളുകട്ടക്കും ബാലടുക്കക്കും ഇടയില്‍വെച്ച് കാര്‍ ഇവരുടെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഉണ്ണികൃഷ്ണനായിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. റോഡിലേക്ക് തലയിടിച്ച് വീണ രാധാകൃഷ്ണന് ഗുരുതരമായി പരിക്കേറ്റതിനാല്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇന്ന് രാവിലെ ബദിയടുക്ക കൃഷിഭവനില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം കാണാന്‍ അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആത്മ, അസി. ഡെപ്യൂട്ടി ഡയറക്ടര്‍ ആനന്ദ്, കൃഷി ഓഫീസര്‍ മീര, പഞ്ചായത്ത് പ്രസിഡണ്ട് കെ.എന്‍. കൃഷ്ണഭട്ട് തുടങ്ങി നിരവധിപേരെത്തി. തുടര്‍ന്ന് നെക്രംപാറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വീട്ടുപറമ്പില്‍ സംസ്‌കരിച്ചു. പ്രസ്വതിയാണ് ഭാര്യ. ഒരു മാസം പ്രയമുള്ള കുഞ്ഞുണ്ട്. സഹോദരങ്ങള്‍: ലത സുള്ള്യ, ജ്യോതി.