ബേക്കല്‍: പെരിയട്ടടുക്കം കാട്ടിയടുക്കത്തെ ദേവകി (65) കൊല ചെയ്യപ്പെട്ടിട്ട് രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഘാതകരെ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായില്ല. ദേവകിക്ക് ശേഷം കൊലചെയ്യപ്പെട്ട പുലിയന്നൂരിലെ ജാനകിപെരിയ ചെക്കിപ്പള്ളത്തെ സുബൈദ വധക്കേസുകളില്‍ പ്രതികളെ അറസ്റ്റ് ചെയ്ത് ഈ കേസുകള്‍ വിചാരണാഘട്ടത്തിലാണ്. എന്നാല്‍ ദേവകിയെ കൊലപ്പെടുത്തിയവരെ മാത്രം ഇനിയും നിയമത്തിന് മുന്നിലെത്തിക്കാന്‍ സാധിച്ചിട്ടില്ല. 2017ലാണ് നാടിനെ ഒന്നടങ്കം നടുക്കിയ കൊലപാതകം നടന്നത്. കാട്ടിയടുക്കത്തെ വീട്ടില്‍ ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ദേവകി. രാത്രി ഉറങ്ങിക്കിടക്കുന്നതിനിടെ ദേവകിയെ അജ്ഞാതസംഘം പാവാടച്ചരടുകൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മൂത്തമകന്‍ ശ്രീധരനാണ് ജാനകിയുടെ മൃതദേഹം തറയില്‍ കമിഴ്ന്നുകിടക്കുന്ന നിലയില്‍ ആദ്യം കണ്ടിരുന്നത്. വിവരമറിഞ്ഞ് ബേക്കല്‍ പൊലീസും പൊലീസ് നായയും വിരലടയാള വിദഗ്ധരുമെത്തി കൊല നടന്ന വീട്ടില്‍ വിശദമായ പരിശോധന നടത്തിയിരുന്നു. ആദ്യം ഇത് സ്വാഭാവികമരണമാണെന്നാണ് കരുതിയിരുന്നത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ വിദഗ്ധ പരിശോധനക്കയച്ചിരുന്നു.
മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സൈബര്‍സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണവും നടത്തി. ആഭരണങ്ങളും പണവും നഷ്ടമാകാതിരുന്നതിനാല്‍ കവര്‍ച്ച നടത്തുന്നതിന് വേണ്ടിയല്ല കൊല നടത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയും ചെയ്തു.
അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി കെ. ദാമോദരന്റെ നേതൃത്വത്തിലാണ് ഈ കേസില്‍ അന്വേഷണം നടത്തിയിരുന്നത്. സംശയത്തിന്റെ അടിസ്ഥാനത്തില്‍ ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.