കാഞ്ഞങ്ങാട്: മലയോര പ്രദേശങ്ങളില്‍ അനധികൃത എഴുത്ത് ലോട്ടറി വ്യാപകമായ സാഹചര്യത്തില്‍ പൊലീസ് പരിശോധന കര്‍ശനമാക്കി. രാജപുരം സി.ഐ ബാബു പെരിങ്ങയത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനിടെ രണ്ടുപേര്‍ പിടിയിലായി. കൊട്ടോടി കൂരംകയയിലെ പ്രഭാകരന്‍ (51), പെരുമ്പള്ളി കരിങ്കോലിലെ കെ.കെ ബാലകൃഷ്ണന്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ലോട്ടറി വില്‍പ്പനക്കായി ഉപയോഗിച്ച വാഹനവും രാജപുരം പൊലീസ് പിടികൂടി. ദിവസങ്ങളോളമായി ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. പൂടങ്കല്ല് പൈനിക്കരയില്‍ ലോട്ടറി ഇടപാട് നടത്തുന്നതിനിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് 14,380 രൂപയും മൊബൈല്‍ ഫോണുകളും കണ്ടെത്തി. എഴുത്ത് ലോട്ടറിക്ക് പിന്നിലെ പ്രധാന കണ്ണികളെ കണ്ടെത്തുന്നതിനായി കാഞ്ഞങ്ങാട്, കാസര്‍കോട്, നീലേശ്വരം ഭാഗങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് സി.ഐ ബാബു പെരിങ്ങയത്ത് പറഞ്ഞു. എസ്.ഐ രാജീവന്‍, എ.എസ്.ഐ മുഹമ്മദ്, സി.പി.ഒ ജയേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മലയോരത്തെ പ്രധാന ടൗണുകളിലെല്ലാം ഏജന്റുമാരെ വെച്ച് എഴുതിവാങ്ങിയും ഫോണിലൂടേയും വാട്‌സ്ആപ്പിലൂടേയും ഭാഗ്യാന്വേഷികളില്‍ നിന്ന് നമ്പര്‍ സ്വീകരിച്ചുമാണ് സമാന്തര ലോട്ടറി ചുതാട്ടം നടത്തുന്നത്.