കാസര്‍കോട്: ആഫ്രിക്കന്‍ ഒച്ചുകളും ഇലചുരുട്ടിപ്പുഴുക്കളും കര്‍ഷകജീവിതത്തിന് ഭീഷണിയാകുന്നു. കാസര്‍കോട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളിലെ കര്‍ഷകര്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം കാരണം പൊറുതിമുട്ടുകയാണ്.
മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലുള്ള കൃഷിയിടങ്ങളില്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ വിളയാട്ടം രൂക്ഷമാണ്. കൃഷിപ്പണിചെയ്യുമ്പോള്‍ ഇത്തരം ഒച്ചുകളുടെ സ്പര്‍ശനമേല്‍ക്കുന്നവര്‍ക്ക് അസഹ്യമായ ചൊറിച്ചിലാണ് അനുഭവപ്പെടുന്നത്. വളരെയധികം വ്യാപനശേഷിയുള്ള ആഫ്രിക്കന്‍ ഒച്ചുകള്‍ നദീതീരങ്ങളിലും വനങ്ങളിലും മരങ്ങള്‍ കൂടിനില്‍ക്കുന്ന ഈര്‍പ്പമുള്ള സ്ഥലങ്ങളിലുമാണ് കൂടുതലായും കാണപ്പെടാറുള്ളത്. റബ്ബര്‍ എസ്റ്റേറ്റുകളിലും എപ്പോഴും വെള്ളം വീണ് നനഞ്ഞ പ്രദേശങ്ങളിലും മതിലുകളിലും കവുങ്ങ് പോലുള്ള മരങ്ങളുടെ തടികളിലും മാലിന്യങ്ങളിലും ഇത്തരം ഒച്ചുകള്‍ വസിക്കുന്നുണ്ട്. മുട്ട വിരിഞ്ഞ് ആറുമാസം കൊണ്ട് പൂര്‍ണവളര്‍ച്ചെയ്ത്തുന്ന ഇവയ്ക്ക് അഞ്ചുമുതല്‍ പത്തുവര്‍ഷം വരെ ആയുസുമുണ്ട്. ആഫ്രിക്കന്‍ ഒച്ചുകള്‍ ഒരു സീസണില്‍ നൂറുമുതല്‍ അഞ്ഞൂറുവരെ മുട്ടകളിടും. അഞ്ഞൂറില്‍പരം സസ്യങ്ങള്‍ ഭക്ഷിക്കുന്ന ജീവികള്‍ കൂടിയാണ് ഇവ. കാര്‍ഷികവിളകള്‍ നശിക്കാന്‍ കാരണമാകുന്ന ഒച്ചുകളെ ഉന്‍മൂലനം ചെയ്യുന്നതോ നിയന്ത്രിക്കുന്നതോ എളുപ്പമല്ലെന്നാണ് അധികൃതര്‍ പറയുന്നു.
ചെമ്മനാട് പഞ്ചായത്തിലെ പാടശേഖരങ്ങളിലാണ് ഇലചുരുട്ടി പുഴുക്കളുടെ ശല്യം ഏറിയിരിക്കുന്നത്. പച്ചക്കറി കൃഷിക്ക് ഇത്തരം പുഴുക്കള്‍ കടുത്ത വെല്ലുവിളിയാണുയര്‍ത്തുന്നത്. ഇലചുരുട്ടി പുഴുക്കള്‍ ദേഹത്ത് പതിക്കുന്നതും ചൊറിച്ചിലിന് കാരണമാകുന്നുണ്ട്.