കാസര്‍കോട്: അനാഥത്വം നല്‍കിയ വേദനയും തിക്താനുഭവങ്ങളും ഒരുപാട് അനുഭവിച്ച അനൂപ് കൃഷ്ണന്‍ എന്ന ഇരുപത്തേഴുകാരന്‍ ഇപ്പോഴും അലയുകയാണ്. താമസിക്കാന്‍ ഒരിടം തേടി. എന്നാല്‍ നിയമത്തിന്റെ നൂലാമാലകളില്‍പ്പെട്ട് താമസസൗകര്യം പോലും കിട്ടാതെ തെരുവിലിറങ്ങേണ്ടി വന്ന അനൂപിന് അധികാരികളോട് ചോദിക്കാനുള്ളത് ഒന്നുമാത്രംമാന്യമായി ജീവിക്കാന്‍ എനിക്കും അവകാശമില്ലേ.
അനൂപ് കൃഷ്ണന്‍ പതിനൊന്നുവയസ് മാത്രം പ്രായമുള്ളപ്പോള്‍ ഉപ്പളയിലെ ഒരുവീട്ടില്‍ ബാലവേല ചെയ്യുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് അനൂപിനെ പൊലീസ് ബാലവേലയില്‍ നിന്ന് മോചിപ്പിക്കുകയും പരവനടുക്കത്തെ ജുവനൈല്‍ ഹോമില്‍ പാര്‍പ്പിക്കുകയും ചെയ്തു. പതിനെട്ടുവയസ് പൂര്‍ത്തിയായപ്പോള്‍ ജുവനൈല്‍ ഹോമില്‍ നിന്നിറങ്ങിയ അനൂപിനെ അനാഥത്വം സമ്മാനിച്ച അരക്ഷിതാവസ്ഥ ഇപ്പോഴും വേട്ടയാടുകയാണ്. സ്വന്തം അച്ഛനാണ് അനൂപിനെ ബാലവേല ചെയ്യാനായി തെരുവിലിറക്കിവിട്ടത്. അമ്മയും രണ്ട് ചെറിയ സഹോദരങ്ങളും മരണപ്പെടുകയും ചെയ്തു. അതിന് ശേഷം ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ബംഗളൂരുവാണ് തന്റെ സ്വദേശമെന്ന് അനൂപ് പറയുന്നു. ഹോട്ടല്‍ ജോലിയും ക്ലീനര്‍ ജോലിയുമൊക്കെ ചെയ്ത് ഉപജീവനമാര്‍ഗം കണ്ടെത്തുന്ന അനൂപിന്റെ മേല്‍വിലാസം ജുവനൈല്‍ ഹോം പരവനടുക്കം എന്നുമാത്രമാണ്. ഈ മേല്‍വിലാസവും കൊണ്ട് എവിടെ ചെന്നാലും കുറ്റവാളിയെ പോലെയാണ് തന്നെ കാണുന്നതെന്നും ഒരുദിവസം താമസിക്കാനുള്ള വാടക മുറിപോലും തനിക്ക് ലഭിക്കുന്നില്ലെന്നുമാണ് അനൂപ് പറയുന്നത്. തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ സ്ഥിരമായ വിലാസം വേണം. അത് സാധിക്കണമെങ്കില്‍ എവിടെയെങ്കിലും താമസിക്കുന്നതിന്റെ രേഖയുണ്ടാക്കണം. താമസിക്കാന്‍ എവിടെയും ഇടം ലഭിക്കാതിരിക്കുമ്പോള്‍ എങ്ങനെ അത് സാധിക്കുമെന്നാണ് അനൂപിന്റെ ചോദ്യം. അനൂപ് പരവനടുക്കം സര്‍ക്കാര്‍ മന്ദിരത്തില്‍ കഴിയുന്നതിനിടെ പരവനടുക്കം ജി.എച്ച്.എസ്.എസില്‍ നിന്ന് പത്താംതരം പാസായിരുന്നു. 18 വയസ് കഴിഞ്ഞപ്പോള്‍ തലശ്ശേരി ആഫ്റ്റര്‍ കെയറിലേക്ക് മാറ്റി. ഐ.ടി.ഐ പഠിക്കാനായിരുന്നു തീരുമാനം. പക്ഷേ അവിടത്തെ സാഹചര്യം പഠനത്തിന് വിലങ്ങുതടിയായി. ഇതോടെ തെരുവിലിറങ്ങിയ അനൂപിന് എസ്.എസ്.എല്‍.സി ബുക്ക് നഷ്ടപ്പെടുകയും ചെയ്തു. ഇതരഭാഷക്കാരനാണെങ്കിലും മലയാളം പഠിച്ച് ആധാര്‍ സ്വന്തമാക്കിയ അനൂപിന് അതുകൊണ്ടും പ്രയോജനമില്ലാത്ത സ്ഥിതിയാണ്. ഇപ്പോഴത്തെ ജീവിതസാഹചര്യം അനൂപിന്റെ ഭാവിക്ക് മുന്നില്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. തെരുവ് കയ്യടക്കിയിരിക്കുന്നത് കഞ്ചാവ് മാഫിയകളും സാമൂഹ്യവിരുദ്ധരുമാണ്. അധികാരികള്‍ കയ്യൊഴിഞ്ഞാല്‍ തെരുവ് ജീവിതം തന്നെയും വഴിതെറ്റിക്കുമെന്ന ആശങ്ക അനൂപിനുണ്ട്. വിവാഹജീവിതം പോലും നിഷേധിക്കപ്പെടുന്ന പ്രതിസന്ധിയിലാണ് ഈ യുവാവ്. കാസര്‍കോട് മുന്‍ ജില്ലാ കലക്ടര്‍ അനൂപിന് സഹായവാഗ്ദാനം നല്‍കിയിരുന്നെങ്കിലും ഒന്നും നടന്നില്ല. ഇതിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അനൂപ് എ.ഡി.എമ്മിന് പരാതി നല്‍കിയിരിക്കുകയാണ്.