കാസര്‍കോട്: ശനിയാഴ്ച ഉച്ചക്ക് ആളുകള്‍ നോക്കി നില്‍ക്കെ ചെമനാട് ചന്ദ്രഗിരിപ്പുഴയിലേക്ക് ചാടി മരിച്ച അണങ്കൂര്‍ എം.ജി. കോളനിയിലെ അശോകന് തലേന്ന് വൈകിട്ട് ക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായി വിവരം.
എം.ജി. കോളനിയിലേക്കുള്ള റോഡില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയാണ് സ്ത്രീകളടക്കമുള്ള ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റത്.
സ്‌കൂട്ടറില്‍ വരികയായിരുന്ന അശോകനെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. എന്നാല്‍ ഇതിന് കാരണമെന്തെന്ന് വ്യക്തമല്ല. ഒരു കാലിന് പരിക്കുള്ളതിനാല്‍ തുണി കൊണ്ട് കെട്ടിയിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ സ്‌കൂട്ടര്‍ താഴെ വീണുകിടക്കുന്നതും അശോകനെ ആരൊക്കെയോ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമാണ് കണ്ടത്. അല്‍പ്പ സമയത്തിനകം അശോകനും മര്‍ദ്ദിക്കാന്‍ എത്തിയവരും മടങ്ങിപ്പോവുകയും ചെയ്തു. പിറ്റേന്ന് ഉച്ചയോടെയാണ് ഇദ്ദേഹം പുഴയില്‍ ചാടുന്നത്. ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മര്‍ദ്ദനം സംബന്ധിച്ച് ബന്ധുക്കളോ മറ്റോ പരാതി നല്‍കിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദന കാരണവും വ്യക്തമല്ല. മരപ്പണിക്കാരനായ അശോകന് സാമ്പത്തിക പ്രയാസം ഉണ്ടായിരുന്നതായി പറയുന്നു. ഏതാനും ദിവസം മുമ്പ് ഒരപകടത്തില്‍പ്പെട്ടിരുന്നതായും ബന്ധുക്കള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.