പിബ് ബസീര്‍ച്ച അങ്ങനെയാണ് ഞാന്‍ അടക്കമുള്ളവര്‍ വിളിച്ചിരുന്നത്. എന്റെ ഓര്‍മ്മ മുപ്പത് വര്‍ഷം പിറകോട്ട് പോവുകയാണ്. ഞാന്‍ കാസര്‍കോട് ഫൈവ് സ്റ്റാര്‍ മൈക്കില്‍ ഓപ്പറേറ്ററായി ജോലി ചെയ്യുന്ന സമയത്താണ് ബഷീര്‍ച്ചയെ പരിചയപ്പെടുന്നത്. കാസര്‍കോട് ജില്ലയിലെ തന്നെ ഏറ്റവും തിരക്കുള്ള മൈക്ക് സെറ്റ് കടയായിരുന്നു എം.ജി റോഡില്‍ മാര്‍ക്കറ്റ് റോഡിലേക്ക് വളയുന്നിടത്തുള്ള ജൂബിലി മൈക്ക്. മരപ്പലക കൊണ്ട് തുറക്കുകയും അടക്കുകയും ചെയ്യുന്ന കടയുടെ ഇരുവശങ്ങളിലും കോളാമ്പി (ഉച്ചഭാഷിണി കോളം) തൂക്കിയിട്ടുണ്ടാവും. ഉടമ ജൂബിലി മുഹമ്മദിച്ച കൗണ്ടറിലും റോഡിലേക്ക് മുഖം തിരിച്ച് പ്രഭേട്ടനും കൂടാതെ ദുബായ് സാധനങ്ങള്‍ വാങ്ങാനും കൊടുക്കാനുമായും ചിലര്‍ കാണും. കടക്കുള്ളില്‍ ഈ കടയുടെ പടിഞ്ഞാര്‍ വശം മാര്‍ക്കറ്റ് റോഡിലായി ജൂബിലിയുടെ ഒരു ഗോഡൗണും. ആ ഗോഡൗണാണ് ബഷീര്‍ച്ചയും ഞങ്ങളും സൊറ പറഞ്ഞിരിക്കുന്ന ഇടം. ബഷീര്‍ച്ച നല്ല മൊഞ്ചനായിരുന്നു. ഒരു സിനിമ നടന്റെ ചേലൊക്കെയായ നല്ല വെളുത്ത നിറം. വട്ട മുഖം, കട്ടി മീശ, തിളക്കമാര്‍ന്ന കണ്ണുകള്‍, ഭംഗിയുള്ള ചിരി. ആരും കൂട്ടുകൂടി പോകുന്ന സംസാരരീതി, ജിതേന്ദ്ര സ്റ്റൈല്‍ മുടി. നല്ല നീണ്ട് ഒത്ത ശരീരം. ഭംഗി, ആകെ കൂടി ഒരാനചന്തം. എന്നും ആരെങ്കിലും കാണും കൂട്ടത്തില്‍. ഞങ്ങള്‍ ഒത്തിരി സ്‌നേഹിതന്മാര്‍ ഒരു കൂട്ടായാണ് ഉണ്ടാവുക. സ്വപ്രയത്‌നം കൊണ്ട് വളര്‍ന്നു വന്നതാണ് ബഷീര്‍ച്ച. ഈ രംഗത്തോടുള്ള അതിയായ താല്‍പര്യം കൊണ്ടാണ് ചെമനാട് ഒരു ഹയര്‍ ഗൂഡ്‌സ് സ്ഥാപനം സ്വന്തമായി തുടങ്ങിയത്. സ്ഥാപനത്തിന്റെ പേരിലും ഒരു വ്യത്യസ്തതയുണ്ടായിരുന്നു. തന്റെ ഇനീഷ്യലിലെ പി.ഐ.യും തന്റെ പേരിലെ ആദ്യാക്ഷരമായ ബീയും ചേര്‍ത്താണ് സ്ഥാപനത്തിന് പിബ് എന്ന് പേരിട്ടത്.
വലിയൊരു സൗഹൃദ വലയത്തിന് ഉടമയായിരുന്നു. കലാകാരന്മാരോടും വലിയ ബന്ധം പുലര്‍ത്തിയിരുന്നു, പ്രത്യേകിച്ച് മാപ്പിളപ്പാട്ടുകാരോട്. അത് കാരണമാകാം ഒരുപാട് മാപ്പിള കലകളെ കാസര്‍കോട് കൊണ്ടുവന്ന് അവതരിപ്പിക്കുവാന്‍ പല സംഘടനകളുമായി കൂട്ടുകൂടുമായിരുന്നു.
കൂട്ടത്തില്‍ സത്താര്‍ ഖാസിലേന്‍, മജീദ് ജനത ഷോപ്പ്, സി.എച്ച് ബഷീര്‍, മുഹമ്മദലി നെല്ലിക്കുന്ന്, ഹമീദ് കൊറക്കോട്, ഖാദര്‍, നെച്ചിപ്പടുപ്പ്, എലൗണ്‍സര്‍ ഖമറു, സിറ്റി ആമു തുടങ്ങിയവര്‍ക്കൊപ്പമാണ് ലളിതകലാ സദനത്തിലും ചിന്മയാ മിഷന്‍ ഓഡിറ്റോറിയത്തിലും സംഘടിപ്പിക്കാറ്. മാപ്പിളപ്പാട്ടും ഒപ്പനയും മറ്റു മാപ്പിളകലകളും നിറഞ്ഞ് നിന്നിരുന്ന കാസര്‍കോടിന്റെ പൈതൃകത്തില്‍ ബഷീര്‍ച്ചയുടെ നാമം പ്രത്യേകം പരാമര്‍ശിക്കപ്പെടുന്നത്. ഓലപ്പന്തലിന്റെ കാര്യം ഓര്‍മ്മിക്കപ്പെടും. കാരണം ഓല കൊണ്ടുള്ള കൊട്ടാരസദൃശ്യമായ എത്ര അലങ്കാര പന്തലുകളാണ് കാസര്‍കോടും കാസര്‍കോടിന് പുറത്തും പണി തീര്‍ത്ത് പ്രശംസകളും ഉപഹാരങ്ങളും ഏറ്റുവാങ്ങിയത്. എത്ര വട്ടമാണ് വലിയ വലിയ ആക്‌സിഡന്റില്‍ അദ്ദേഹം അകപ്പെട്ടത്. അതിലൊക്കെ വലിയ പരിക്ക് പറ്റിയിട്ടും ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ മനസ്സിന്റെ ബലം കൊണ്ടും റബ്ബിന്റെ കാരുണ്യം കൊണ്ടും രക്ഷപ്പെട്ടു വന്നിട്ടുണ്ട്. എങ്കിലും ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു.
നടക്കാനും മറ്റും വലിയ ബുദ്ധിമുട്ടായിരുന്നുവെങ്കിലും സ്‌നേഹപൂര്‍വ്വമുള്ള ക്ഷണങ്ങള്‍ക്ക് അദ്ദേഹം സാന്നിധ്യമറിയിക്കാറുണ്ടായിരുന്നു. പ്രത്യേകിച്ച് എവിടെ കലാ പരിപാടികള്‍ ഉണ്ടെങ്കിലും അവിടേക്കെത്തുമായിരുന്നു. സ്‌നേഹിതന്മാരെ ഫോണിലൂടെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു.
വാട്‌സ്ആപ്പിലും സജീവമായിരുന്നു. രണ്ട് ദിവസം മുമ്പ് എന്നെ വിളിച്ച് കുറേ കാര്യങ്ങള്‍ സംസാരിച്ചു. മനസ്സ് പറഞ്ഞിടം ശരീരം കേള്‍ക്കാതായപ്പോഴാണ് തന്റെ സ്ഥാപനമായ പിബ് സൗണ്ട് മകനും മരുമകനും ഏല്‍പ്പിച്ച് വിശ്രമജീവിതം നയിച്ച് വരവെയാണ് വിട ചൊല്ലിയത്. അല്ലാഹുവെ നീയാണ് ന്യായാധിപന്‍ നിന്റെ വിധിയില്‍ അദ്ദേഹത്തിന് സ്വര്‍ഗം വിധിക്കേണ്ടവന്‍ നീ തന്നെയാണ്. നാഥ ജീവിത വഴിയില്‍ വല്ല തെറ്റും പിണഞ്ഞു പോയിട്ടുണ്ടെങ്കില്‍ എന്റെ സ്‌നേഹിതന് നീ സര്‍വ്വം പൊറുത്തു കൊടുക്കണേ… തമ്പുരാനെ മാപ്പ് നല്‍കണമേ…