നാടകത്തേയും സംഗീതത്തെയും ഒപ്പം ചിത്രകലയേയും നെഞ്ചോട് ചേര്‍ത്ത തെരുവത്ത് സ്വദേശി എസ്.എ. മജീദിന്റെ മരണം പലരും അറിയാതെ പോയി. നിഷ്‌ക്കളങ്കനായ മജീച്ച തളങ്കര ഗവ. മുസ്ലീം ഹൈസ്‌ക്കൂളിലെ പഠനകാലത്ത് കലാരംഗത്ത് ഏറെ തിളങ്ങിയിരുന്നു. നന്നായി ചിത്രം വരയ്ക്കാനറിയാം. ചിരട്ടയില്‍ സ്വന്തമായി നിര്‍മ്മിച്ച വയലിന്‍ അക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായിരുന്നു. എസ്.എ. വയലിന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. മെലിഞ്ഞ് നീളമുള്ള എസ്.എ. ഹമീദ് മിതഭാഷിയായിരുന്നു. ആരേയും നോവിക്കാതെ എന്നും ചെറുപുഞ്ചിരിയോടെ നടന്ന കലാലയത്തില്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. പഠന കാലത്തും അതിനു ശേഷം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന കലാവേദികളില്‍ നിറഞ്ഞ സാന്നിധ്യമായിരുന്നു. 1978ല്‍ മുസ്ലിം ഹൈസ്‌ക്കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി ദിനത്തില്‍ എരിയാല്‍ ഷരീഫ്, നജാത്ത് അബ്ദു, കെ.എം.അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ ‘ബാങ്കോട്ടും പുലി’എന്ന നാടകത്തില്‍ ഹാസ്യകഥാപാത്രത്തെ അവതരിപ്പിച്ച് അന്ന് കാണികളുടെ പ്രശംസ നേടിയിരുന്നു. പിന്നീട് നടന്ന നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിനെ പ്രേക്ഷകര്‍ നേരില്‍ കണ്ടാല്‍ ചിരിക്കുന്നത് പോലെ മജീദിനെ എവിടെ കണ്ടാലും ആളുകള്‍ ഒന്ന് ചിരിച്ച് പോകും. സ്‌കൂളില്‍ ഒരു കാലത്ത് കലാമത്സരങ്ങളില്‍ പ്രച്ഛന്നവേഷത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. അന്ന് നടന്ന പ്രച്ഛന്നവേഷത്തില്‍ മഹാത്മാഗാന്ധിയുടെ വേഷത്തിലെത്തിയ എസ്.എ.യെ ഇന്നും പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഓര്‍ത്തെടുക്കുന്നു. ഞാനും കൂട്ടുകാരും അഭിനയിച്ച ഹാസ്യ നാടകം സംവിധാനം ചെയ്തത് എസ്.എ. മജീദായിരുന്നു.
ഹാസ്യ ഗാനങ്ങള്‍ രചിക്കുന്നതില്‍ കേമനായിരുന്നു. കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു…എന്ന സിനിമ ഗാനത്തെ അന്ന് തെരുവത്തുണ്ടായിരുന്ന കള്ള് ഷാപ്പിനെ കുറിച്ച് ‘കള്ളടിച്ചു കള്ളടിച്ചു… എന്ന പാരഡിയായി രചിച്ചത് എസ്. എ. മജീദായിരുന്നുവെന്ന് പല സഹപാഠികള്‍ക്കും അറിയാം.
ഉമ്മയ്ക്ക് വേണ്ടിയുള്ള ജീവിതത്തില്‍ വിവാഹം പോലും മറന്നു. ഉമ്മയുടെ വിയോഗത്തിന് ശേഷം രോഗത്തിനടിമയായി ചികിത്സയിലായിരുന്നു.
പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടുന്ന സ്ഥലത്ത് എത്തിയാല്‍ ‘എന്ത്ഡറാ… പരിപാടി ഞാനുണ്ട്…
അതേ, ഈ ഒറ്റ ഡയലോഗ് മതി കലയോടുള്ള കലിയടങ്ങാത്ത എസ്.എ.യുടെ ആവേശം അളന്നെടുക്കാന്‍. രോഗശയ്യലില്‍ ആരുമില്ലാത്ത എസ്.എ.യ്ക്ക് തണലേകിയത് മുസ്ലീം ഹൈസ്‌ക്കൂളിലെ 1975 ക്ലാസ്‌മേറ്റ്‌സായിരുന്നു. നിരവധി ഹാസ്യകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ എസ്.എ. അരങ്ങൊഴിഞ്ഞ് പോയപ്പോള്‍ പലര്‍ക്കും വിയോഗം അറിയാതെ പോയത് വടക്കിന്റെ മണ്ണില്‍ പ്രതിഭകള്‍ക്ക് കിട്ടാതെ പോവുന്ന അംഗീകാരം പോലെയാണ് എസ്.എ.യുടെ വിയോഗവും.