മഞ്ചേശ്വരം: കേരളം കണ്ടതില്‍ ഏറ്റവും വലിയ പ്രളയത്തിന് ആശ്വാസമായി ജനകീയ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കടമ്പാറില്‍ സംഘടിപ്പിച്ച മഞ്ചേശ്വരം ഏരിയ മുജാഹിദ് പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ സഹായങ്ങള്‍ അര്‍ഹരിലേക്കെത്തിക്കാനുള്ള സംവിധാനങ്ങള്‍ താമസം കൂടാതെ നടപ്പിലാക്കാനും ഈ വിഷയത്തില്‍ ചടുലതയും സുതാര്യതയും ഉറപ്പുവരുത്താനും ജില്ലാതലത്തില്‍ പ്രത്യേക സംവിധാനങ്ങള്‍ക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ മുന്നോട്ട് വരണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഉദാത്ത ആദര്‍ശം, ഉത്തമ സമൂഹം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം സി.പി. സലീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രതിനിധികളായ അന്‍ഫസ് മുക്രം, നിസാര്‍ സ്വലാഹി, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി ബഷീര്‍ കൊമ്പനടുക്കം, പ്രസിഡണ്ട് എം. മുഹമ്മദ് കുഞ്ഞി, സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി അനീസ് മദനി കൊമ്പനടുക്കം, ശമ്മാസ് കുഞ്ചത്തൂര്‍ സംസാരിച്ചു.