കോളിയടുക്കം: കേരളം വീണ്ടുമൊരു പ്രളയത്തെ നേരിടുന്ന സാഹചര്യത്തില്‍ കോളിയടുക്കം സ്‌കൂള്‍ വീണ്ടും മാതൃകയാവുകയാണ്. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന സഹജീവികളെ സഹായിക്കുവാന്‍ വേണ്ടി സ്‌കൂളിലെ ജെ.ആര്‍.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ ധാന്യങ്ങളും പലവ്യഞ്ജനങ്ങളും വസ്ത്രങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും കുട്ടികള്‍ തന്നെ സ്വരൂപിച്ചു. സ്‌കൂളില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ കുട്ടികള്‍ ശേഖരിച്ച സാധനങ്ങള്‍ ഹെഡ്മാസ്റ്ററെ ഏല്‍പ്പിച്ചു. കുട്ടികളില്‍ നിന്നും ലഭിച്ച സാധനങ്ങള്‍ ഹെഡ്മാസ്റ്റര്‍ എം.വി. തങ്കച്ചനും പി.ടി.എ. പ്രസിഡണ്ട് എന്‍.എ. അഹമ്മദും ജെ.ആര്‍.സി കണ്‍വീനര്‍ വിദ്യയും ചേര്‍ന്ന് ഇന്നലെ വൈകിട്ട് ജില്ലാ ഭരണകൂടത്തിന്റെ കാഞ്ഞങ്ങാടുള്ള കളക്ഷന്‍ സെന്ററില്‍ ഏല്‍പ്പിച്ചു. മനുഷ്യത്വപരമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്ത് വീണ്ടും മാതൃകയാവുകയാണ് കാസര്‍കോട് ഉപജില്ലയില്‍ ചെമ്മനാട് പഞ്ചായത്തിലെ ഈ കൊച്ചു വിദ്യാലയം.