കാഞ്ഞങ്ങാട്: മലയോര മേഖല കേന്ദ്രീകരിച്ച് സമാന്തര ലോട്ടറി തട്ടിപ്പ് നടത്തുന്ന സംഘത്തില്‍പെട്ട ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശിയും കള്ളാറില്‍ താമസക്കാരനുമായ രമേശ് ബാലകൃഷ്ണനെ(46)യാണ് രാജപുരം സി.ഐ. ബാബു പെരിങ്ങയത്ത്, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ. രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രമേശില്‍ നിന്ന് 72,340 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും മൂന്നക്ക നമ്പറുകള്‍ എഴുതിയ പേപ്പറുകളും പിടിച്ചെടുത്തു. രമേശ് താമസിക്കുന്ന മുറിയില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കഴിഞ്ഞ ആറുവര്‍ഷക്കാലമായി രമേശ് അനധികൃതമായി എഴുത്ത് ലോട്ടറി നടത്തിവരികയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
ഇതിനുമുമ്പ് രണ്ടുതവണ രമേശ് സമാന്തര ലോട്ടറി തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസിന്റെ പിടിയിലായിരുന്നു. മലയോരത്ത് അനധികൃത എഴുത്തുലോട്ടറിയില്‍ സജീവമായിരുന്ന കൊട്ടോടി കൂരംകയയിലെ പ്രഭാകരനെയും സുഹൃത്ത് പെരുമ്പള്ളിയിലെ ബാലകൃഷ്ണനെയും കഴിഞ്ഞ ദിവസം സി.ഐ. ബാബു പെരിങ്ങയത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് രമേശിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.