കാസര്‍കോട്; കനത്ത കെടുതികള്‍ വിതച്ചുകൊണ്ട് പെയ്യുകയായിരുന്ന മഴയ്ക്ക് ശക്തി കുറഞ്ഞെങ്കിലും പനി പടരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള മാരക സാംക്രമിക രോഗങ്ങള്‍ പടരുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
ഒരുവര്‍ഷത്തെ കണക്കുപ്രകാരം ആഗസ്ത് 18 വരെ മാത്രം ജില്ലയിലെ വിവിധ ആസ്പത്രികളില്‍ ചികിത്സക്കെത്തിയ പനിബാധിതരുടെ എണ്ണം ഒരുലക്ഷത്തിലേറെയാണ്. ഇവരില്‍ ഡങ്കിപ്പനി ലക്ഷണങ്ങളോടെ 573 പേര്‍ ചികിത്സ തേടിയെത്തി. 159 പേര്‍ക്ക് ഡങ്കിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി ലക്ഷണത്തോടെ ചികിത്സ തേടിയെത്തിയത് 14 പേരാണ്.
7 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. മലമ്പനി ബാധിതരുടെ എണ്ണം 35 ആണ്. മഴയുടെ ശക്തി കുറയുകയും വെള്ളമിറങ്ങി തുടങ്ങുകയും ചെയ്തതോടെയാണ് പനിബാധിതരുടെ എണ്ണവും കൂടിയത്. വരുംദിവസങ്ങളില്‍ ഡങ്കിപ്പനിയും എലിപ്പനിയും കൂടുതല്‍ വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്നും പൊതുജനങ്ങള്‍ അതീവ ജാഗ്ര പാലിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളും പ്രാഥമികാരോഗ്യകേന്ദ്രങ്ങളും പനിബാധിതരെ കൊണ്ട് നിറയുകയാണ്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറവ് ചികിത്സയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന പരാതിക്ക് ഇനിയും പരിഹാരമായില്ല.