പാലക്കുന്ന്: ജീവനും സ്വത്തിനും ഭീഷണിയായി കാപ്പില്‍, കൊപ്പല്‍, കൊവ്വല്‍, ജന്മ ഭാഗങ്ങളില്‍ കടലേറ്റ ദുരിതം നാള്‍ക്കുനാള്‍ ശക്തി പ്രാപിക്കുമ്പോള്‍ നെഞ്ച് പിടയുന്നത് തീരദേശ വാസികളായ ഒട്ടേറെ കുടുംബങ്ങളിലാണ്. കാതടപ്പിക്കും വിധം കടല്‍തിരകള്‍ ആര്‍ത്തുവിളിക്കുമ്പോള്‍ കുഞ്ഞുങ്ങളെ മാറോട് ചേര്‍ത്ത് ഉറക്കമില്ലാതെ അവരുടെ വീടുകളില്‍ കഴിഞ്ഞു കൂടുന്ന ഭയാനകമായ സ്ഥിതിയാണിവിടെ ഇപ്പോള്‍. പ്രളയ കെടുതിയില്‍ എല്ലാവരുടെയും ശ്രദ്ധയും വാര്‍ത്തയും അവിടേക്കായപ്പോള്‍ കടലേറ്റ ദുരിതങ്ങള്‍ ഏറ്റുവാങ്ങിയ നൂറോളം തീരദേശവാസി കുടുംബങ്ങളുടെ ദുരിത കഥകള്‍ സ്വയം കരഞ്ഞും പറഞ്ഞും നാളുകള്‍ തള്ളി നീക്കാന്‍ വിധിക്കപ്പെട്ടവര്‍ അവസാനം തീരദേശ സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍ അശോകന്റെയും കണ്‍വീനര്‍ ശ്രീധരന്‍ കാവുങ്കാലിന്റെയും നേതൃത്വത്തില്‍ കടലേറ്റത്തെ തുടര്‍ന്നുണ്ടായിക്കൊണ്ടിരിക്കുന്ന കഷ്ടനഷ്ടങ്ങള്‍ ജില്ലാ കലക്ടറെ നേരില്‍ കണ്ട് ബോധിപ്പിക്കുകയായിരുന്നു. കടലേറ്റ ഗൗരവം മനസ്സിലാക്കിയ കലക്ടര്‍ അദ്ദേഹത്തിന്റെ കുറിപ്പോടുകൂടി കാസര്‍കോട് ഹാര്‍ബര്‍ വകുപ്പ് ഓഫീസുമായി ബന്ധപ്പെടാന്‍ നിവേദക സംഘത്തിന് നിര്‍ദ്ദേശം നല്‍കി. ഇരുന്നൂറോളം തെങ്ങുകളും തൈകളും കടപുഴകി കടപ്പുറത്ത് വീണ് കിടക്കുകയാണ്. ഈ നില തുടര്‍ന്നാല്‍ തിരമാലകള്‍ വീടും കൊണ്ടേ പോകൂവെന്ന ആധിയിലാണ് കടപ്പുറവാസികള്‍.
മുഹമ്മദ്കുഞ്ഞിയുടെയും മാണിക്കം പക്കീരന്റെയും 30ഓളം തെങ്ങുകളാണ് കടല്‍ ഇതിനകം വിഴുങ്ങിയത്. വെള്ളച്ചി സിലോണ്‍, കോരന്‍ കടപ്പുറം, ഇരിയെണ്ണി മാധവി, കെ.സി. കൃഷ്ണന്‍, ഗോപാലന്‍ അപ്പണച്ചന്‍, കണ്ണന്‍ ചക്കര , ബാലകൃഷ്ണന്‍ കടപ്പുറം, വെള്ളച്ചി അപ്പണന്‍, കണ്ണന്‍ ബാലംകൈ, ആണ്ടി ബാബു, കണ്ണന്‍ പക്കീരന്‍, കൃഷ്ണന്‍ ചക്കര, ബിജു ചാപ്പ തുടങ്ങിയവരുടെയും നിരവധി തെങ്ങുകളാണ് കടല്‍ പിഴുതെറിഞ്ഞത്.
കടല്‍തീരം വിട്ട് തിരമാലകള്‍ തീരത്തോട് ചേര്‍ന്ന വയലിലേക്ക് കയറിയാല്‍ തുടര്‍ന്നുണ്ടാകുന്ന ദുരന്തം അതീവ ഗുരുതരമാകുമെന്ന് തീരദേശ വാസികള്‍ ഭയപ്പെടുന്നു. കാപ്പില്‍ മുതല്‍ ജന്മ കടപ്പുറം വരെ കടലേറ്റ ദുരിതത്തിന് ശാശ്വത പരിഹാരം കാണാന്‍ അതേ പറ്റി വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കാനും തുടര്‍ നടപടികള്‍ക്കും ഏതാനും മാസങ്ങള്‍ വേണ്ടിവരുമെന്ന് കാസര്‍കോട് ഹാര്‍ബര്‍ വകുപ്പ് ഓഫീസ് തീരദേശ സംരക്ഷണസമിതിയുടെ നിവേദക സംഘത്തെ അറിയിച്ചു.