എന്താണ് നമ്മുടെ സാമൂഹിക-ഗാര്‍ഹിക അന്തരീക്ഷങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. എവിടെ പോയ്മറഞ്ഞു നമ്മുടെ കെട്ടിച്ചമച്ചതാണെങ്കിലും വിഖ്യാതമായിരുന്ന സദാചാര ധാര്‍മ്മിക മൂല്യങ്ങള്‍?
കപടതക്കു മേല്‍ കെട്ടിവെച്ച ഭാണ്ഡങ്ങളായിരുന്നു നമ്മുടെ എല്ലാ അപദാനങ്ങളും എന്ന വസ്തുതയിലേക്കു വെളിച്ചം വീശുന്ന സംഭവങ്ങളാണ് ഓരോ ദിവസവും നമ്മുടെ മുന്നിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. സഭ്യതയേയും സദാചാര മൂല്യങ്ങളെയും ചവറ്റുകൊട്ടയില്‍ തള്ളുന്ന കാര്യത്തില്‍ ധനികനും ദരിദ്രനും തമ്മിലും പണ്ഡിതനും പാമരനും തമ്മിലും യാതൊരു വേര്‍തിരിവുമില്ലാതായിരിക്കുന്നു. ജീവിതത്തിന്റെ രണ്ടറ്റങ്ങളെ കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന മലയാളിയും പ്രതിമാസം പല ലക്ഷങ്ങള്‍ ശമ്പളമായും കൈക്കൂലിയായും സമ്പാദിച്ചുകൂട്ടുന്ന മലയാളിയും ഒരുപോലെ തങ്ങളാലാവും വിധം സമൂഹത്തിന് ഉദാത്തമായ സംഭാവനകള്‍ നല്‍കുന്നതില്‍ മത്സരത്തിലാണ്. അക്ഷരാജ്ഞാനമില്ലാത്തവര്‍ മുതല്‍ രാജ്യത്തെ പരമോന്നത ബിരുദങ്ങളായ ഐ.പി.എസ്, ഐ.എ.എസ്, ഐ.എഫ്.എസ് നേടിയവര്‍ വരെ ഒരു പോലെ ചെളിക്കുണ്ടിലാണ്. സമ്മതിദാനാവകാശം മാത്രമുള്ളവര്‍ മുതല്‍ സമ്മതിദായകരെ അടക്കി ഭരിക്കുന്ന രാഷ്ട്രീയ ഭരണ നേതൃത്വങ്ങളിലിരിക്കുന്നവര്‍ വരെ രാത്രികാലങ്ങളിലും പകലിലും ഇരുട്ടു പരക്കുന്ന നിഗുഢ ഇടങ്ങളിലും ഒന്നായിത്തീരുന്നു.
അഭൂതപൂര്‍വമാം വണ്ണം ഉന്മത്തനാണിന്ന് മലയാളി. ലഹരി നല്‍കുന്ന ഏതൊരു സാധനത്തിന് മുന്നിലും സാഷ്ടാംഗം പടിഞ്ഞു വീഴുന്നവരായി അവര്‍ മാറിയിരിക്കുന്നു. അവക്കായി ഏതറ്റം വരെ അധപതിക്കാനും ജീവിതത്തിന്റെ നല്ല പങ്കും സ്വയം ക്യൂവില്‍ നിര്‍ത്താനും അവര്‍ ഇന്ന് സന്നദ്ധരാണ്. ഇരന്ന് ജീവിക്കുന്നവന് ലഭിക്കുന്ന നക്കാപ്പിച്ചക്കും കൂലിപ്പണിക്കാരനു ലഭിക്കുന്ന ദിവസക്കൂലിക്കും ഉദ്യോഗസ്ഥ പ്രമാണിമാര്‍ക്കും രാഷ്ട്രീയാഴിമതിക്കാര്‍ക്കും ലഭിക്കുന്ന ലക്ഷങ്ങള്‍ക്കും ഒരു പോലെ ഉദാരമായി ലഹരി ലഭ്യമാകുന്ന നാടായി നമ്മുടെ നാട് പരിണമിച്ചിരിക്കുന്നു. എന്തൊക്കെ നിയമങ്ങളും നിയന്ത്രണങ്ങളുമുണ്ടെങ്കിലും എവിടെ കൊണ്ടു പോയി ഒഴുക്കിക്കളഞ്ഞാലും നിലക്കാത്ത സുനാമിത്തിരമാലകളായി മലയാളിയുടെ ലൈംഗികവികാരങ്ങളും മറ്റെല്ലാ ലഹരിക്കും മീതെ പതഞ്ഞു മറിയുമ്പോള്‍ നമ്മുടെ പതനം അതിന്റെ സമ്പൂര്‍ണ്ണതയിലെത്തുന്നു. മദ്യവും മദിരാക്ഷിയും ഒന്നായിത്തീരുന്ന ദുര്‍ബലരേഖയില്‍ മുത്തശ്ശിയേയും അമ്മയേയും മകളെയും സഹോദരിയേയും സുഹൃത്തിന്റെ ഭാര്യയേയും ശിഷ്യയേയും തിരിച്ചറിയാനുള്ള കണ്ണുകളും കരളുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു. ആര്‍ക്കും ആരെയും വിശ്വാസമില്ലാത്ത അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലാത്ത തലത്തിലേക്ക് നമ്മുടെ ബന്ധങ്ങള്‍ കടന്നു കയറിയിരിക്കുന്നു. മാനവിക, സദാചാര മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കാത്ത നിയമങ്ങളും കോടതി ഉത്തരവുകളും കൂടിയാകുമ്പോള്‍ എന്തിനും ഏതിനും ഇവിടെ പരിപൂര്‍ണ്ണ ലൈസന്‍സായി മാറുന്നു. ലോ ക്ലാസിലും മിഡില്‍ ക്ലാസിലും ഹൈ ക്ലാസിലും ഒരു പോലെ രോഗം പടരുമ്പോള്‍ ഇവിടെ തൊട്ടതിലും പിടിച്ചതിലുമെല്ലാം രാഷ്ട്രീയവും ജാതിയും മതവും ചികയുന്ന മലയാളിയില്‍ ഒരു പക്ഷഭേദവുമില്ല, മദ്യത്തിനും മദിരാക്ഷിക്കും മുന്നില്‍ അവരുടെ ദൈവങ്ങളും മതങ്ങളും പ്രത്യയശാസ്ത്രങ്ങളും മറ്റെല്ലാ ഉച്ചനീചത്വങ്ങളും പത്തി താഴ്ത്തുന്നു. ഓടയില്‍ കിടക്കുന്നവന്‍ മാത്രമാണ് നമുക്ക് മദ്യപന്‍. അല്ലാത്തവരെല്ലാം മാന്യന്മാര്‍. പിടിക്കപ്പെടുമ്പോള്‍ മാത്രമാണ് പീഡനവും സദാചാരലംഘനവും. അല്ലാത്തതെല്ലാം ഉഭയസമ്മതപ്രകാരമുള്ള വെറും സ്വകാര്യ വിഷയങ്ങള്‍. സത്യത്തില്‍ സംഭവം ഇത്രയേ ഉള്ളു. എന്തു വേണമെങ്കിലും ആയിക്കോളു. പക്ഷെ, നാലാളറിയാതെ നോക്കിക്കോളണം. പക്ഷെ, നാലാളറിഞ്ഞാലും കുഴപ്പമില്ല എന്ന തലത്തിലേക്കു കൂടി മലയാളി വളര്‍ന്നിരിക്കുന്നു എന്നതാണ് ഏറ്റവും പുതിയ സ്ഥിതിവിശേഷം. ലജ്ജ എന്നുള്ള വാക്ക് നാം നിഘണ്ടുവില്‍ നിന്നു മാത്രമല്ല, ജീവിതത്തില്‍ നിന്നു തന്നെ എന്നേ എടുത്തുമാറ്റിയതാണ്.
പകല്‍ വെളിച്ചത്തെക്കാള്‍ രാത്രിയിലെ ഇരുട്ടിനോടാണ് മലയാളിക്കിന്ന് പഥ്യം. സംഭവ ബഹുലങ്ങളാണിപ്പോള്‍ നമ്മുടെ രാത്രികള്‍. പകലിനെക്കാള്‍ കൊള്ളക്കൊടുക്കലുകള്‍ക്ക് പറ്റിയത് രാത്രിയാണെന്ന് തിരിച്ചറിയുന്ന ജനതയായി മലയാളി മാറിയിരിക്കുന്നു. കൂടുതല്‍ കൂടുതല്‍ നിഗൂഢനും സ്വാര്‍ത്ഥനുമായി അനുനിമിഷം അവനും അവളും വളരുകയാണ്. സ്വഭവനങ്ങളിലും സത്രങ്ങളിലും മാത്രമല്ല പൊതുനിരത്തുകളില്‍ കൂടി അവരങ്ങനെ പൂത്തുലയുകയാണ്. ആര്‍ക്കുംചോദ്യം ചെയ്യാനാവകാശമില്ലാത്ത വിധം ഏവരെയും നിശബ്ദമാക്കാന്‍ പര്യാപ്തമായ ആയുധങ്ങള്‍ നിയമപുസ്തകത്തിലെ വകുപ്പുകളായും കോടതി ഉത്തവുകളായും ഓരോ ആണിന്റെയും പെണ്ണിന്റെയും കൈകളില്‍ ഭദ്രമാണിന്ന്. ഈ ആയുധങ്ങളുമായി അവര്‍ മുക്രയിട്ടു പായുമ്പോള്‍ മുന്നില്‍ പെടാതിരിക്കുക എന്നതിലാണ് പത്രപ്രവര്‍ത്തകനായ ബഷീറിന് മാത്രമല്ല, ഏതൊരാള്‍ക്കും എടുക്കാനുള്ള മുന്‍കരുതല്‍.
അപകടത്തിലോ അക്രമണത്തിലോ ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാള്‍ക്കോ അയാളുടെ കുടുംബത്തിനോ പോയി എന്നതാണ് പുതിയ കാലത്തിന്റെ വിളംബരം. തെറ്റുകാരന്‍ ശ്രീറാം വെങ്കട്ടരാമന്‍ എന്ന ഐ.എ.എസുകാരന്‍ മാത്രമാവണമെന്നില്ല. അയാളുടെ സ്ഥാനത്ത് മറ്റേതൊരു ബ്യൂറോക്രാറ്റും രാഷ്ട്രീയക്കാരനുമായിക്കൊള്ളട്ടെ, ഇവിടെ ഒരു ചിത്രവും മാറാന്‍ പോകുന്നില്ല. മടിയില്‍ കനവും ശേഖരത്തില്‍ വലിയ വലിയ ബിരുദങ്ങളും രാഷ്ട്രീയത്തില്‍ ദല്ലാളുമാരുടെ കുതന്ത്രങ്ങളുമുള്ളവര്‍ക്കിടയില്‍ ഇവിടെ അദൃശ്യമായ ഒരു പാലമുണ്ട്. ഈ പാലത്തിന്റെ തൂണുകള്‍ പരസ്പരം ചതിക്കുകയില്ല. അവ എന്നും പരസ്പര പൂരകങ്ങളായി തന്നെ നിലകൊള്ളും. ഐ.എ.എസിനും ഐ.പി.എസിനും ഇടയില്‍ ഒരക്ഷരത്തിന്റെ വ്യത്യാസമുണ്ടെങ്കിലും തുല്യ ശക്തികളാണ് രണ്ടു കൂട്ടരും. ഒരേ റാങ്കുകാര്‍. ഒരു കൂട്ടര്‍ക്ക് മറ്റേ കൂട്ടരെ കൈവിടാന്‍ കഴിയില്ല. പരസ്പരം സഹായിക്കാനും രക്ഷിക്കാനും ഏതറ്റം വരെയും അവര്‍ പോകും. പലപ്പോഴും ഭരണകൂടങ്ങളെ വരെ ഹൈജാക്ക് ചെയ്യാന്‍ അവര്‍ക്ക് കഴിയുന്നു.
പണവും പ്രതാപവും പദവിയുമുള്ള ഒരാളുടെ കാമപേക്കൂത്തിനിടക്കുള്ള പാച്ചിലില്‍ സംഘടിത ശക്തിയിലും സാമ്പത്തിക ഭദ്രതയിലും പെടാത്ത ഒരാളുടെ ജീവന്‍ പൊലിഞ്ഞുപോയാലും അവിടെ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യപിച്ചിരുന്നോ എന്ന് കണ്ടുപിടിക്കാനായി ഊതേണ്ട മെഷീന്‍ അപ്രസക്തമാകുന്നു. രക്തപരിശോധനക്ക് എട്ടോ ഒന്‍പതോ മണിക്കൂറുകള്‍ വേണ്ടി വരുന്നു. കിഡ്‌നിക്ക് ഒരു കുഴപ്പവുമില്ലാത്തയാളാണ് പ്രതിസ്ഥാനത്തെങ്കിലും അയാളെ ഡയാലിസിസിനും വിധേയനാക്കേണ്ടി വരുന്നു. (അങ്ങനെയും കേട്ടിരുന്നു). കൊല്ലപ്പെട്ടയാളെ മോര്‍ച്ചറിയില്‍ ഉപേക്ഷിച്ച് വലിയ പരിക്കൊന്നുമില്ലാത്ത കൊലക്ക് കാരണക്കാരനായവനെ സ്വകാര്യ മെഡിക്കല്‍ കോളേജിലെ സുഖവാസ മുറിയിലേക്ക് മാറ്റേണ്ടി വരുന്നു.
അങ്ങനെ ചില ഹാസ്യനാടക രംഗങ്ങള്‍ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും രചിച്ച് അരങ്ങേറേണ്ടി വരുന്നുണ്ട് എന്നത് മാത്രമാണ് നാടിന്റെ ഇന്നത്തെ ഗതികേട്. സ്വാധീനമുള്ളവന് ഒരു പോറലും ഏല്‍പ്പിക്കാതെ രക്ഷപ്പെട്ടു വരാനുള്ള മാര്‍ഗങ്ങള്‍ വെട്ടിത്തെളിക്കുക എന്ന ജോലിയില്‍ ഒരു പാട് വിയര്‍പ്പൊഴുക്കേണ്ടി വരുന്നു എന്നതും വര്‍ത്തമാന സത്യം. എന്നാലും അവരതില്‍ വിജയം കൈവരിക്കുക തന്നെ ചെയ്യും ആത്യന്തികമായി.
തുളുമ്പുന്ന ചഷകങ്ങള്‍ക്കും പതയുന്ന തൃഷ്ണകള്‍ക്കും മധ്യേയാണ് കേരളം. വഴി മാറി നടക്കേണ്ടവര്‍ക്ക് അങ്ങനെയാവാം. അതല്ല, ഈ ആഘോഷത്തിമിര്‍പ്പില്‍ കഴുത്തറ്റം മുങ്ങി രമിക്കണമെന്നുള്ളവര്‍ക്ക് അങ്ങനെയും ആവാം. നമ്മെ അലട്ടാന്‍ മറ്റു പ്രശ്‌നങ്ങളൊന്നുമില്ലല്ലോ. ധാരാളിത്തത്തിന്റെ മൂര്‍ധന്യതയിലാണല്ലോ നാം.