കാസര്‍കോട്: ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുകയായിരുന്ന ചേരൂര്‍ സ്വദേശി വിമാനത്തില്‍ മരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാന്‍ പോയി മടങ്ങുകയായിരുന്ന ചേരൂരിലെ മൊയ്തീന്‍ കുഞ്ഞി(69)ആണ് അന്തരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ ജിദ്ദയില്‍ നിന്ന് പുറപ്പെട്ട സൗദി എയര്‍ലൈന്‍സില്‍ വെച്ചായിരുന്നു മരണം. കൂടെ ഭാര്യയും ഭാര്യാസഹോദരനും ഉണ്ടായിരുന്നു. വിമാനം പറന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് മൊയ്തീന്‍ കുഞ്ഞി സീറ്റില്‍ കുഴഞ്ഞുവീണത്. എമര്‍ജന്‍സി ലാന്റിംഗിന് പൈലറ്റ് തയ്യാറായെങ്കിലും മരണം സംഭവിച്ചതിനാല്‍ വേണ്ടെന്ന് വെച്ചു. തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിക്കുകയായിരുന്നു. മയ്യത്ത് കൊണ്ടോട്ടി ഗവ. ആസ്പത്രിയിലേക്ക് ഇന്‍ക്വസ്റ്റിന് വേണ്ടി മാറ്റി. ഹജ്ജ് ട്രെയിനര്‍ സിറാജ് തെക്കില്‍ അടക്കമുള്ളവര്‍ കൂടെയുണ്ട്.
ഭാര്യ: ഫാത്തിമ. മക്കള്‍: ഖദീജ, ആയിഷ, മിസ്‌രിയ, റംല, റഹ്മത്ത്, ജുവൈരിയ. മരുമക്കള്‍: അബ്ദുല്‍റഹ്മാന്‍, ഇസ്മായില്‍ മൗലവി, ബഷീര്‍, സനാസ്, പരേതരായ യൂസഫ് സഖാഫി, ജാഫര്‍.