കാസര്‍കോട്: ഭാര്യയുടെ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റില്‍ കഴിയുന്നതിനിടെ കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ശേഷം മുങ്ങിയ പ്രതി പൊലീസ് പിടിയിലായി. തമിഴ്‌നാട് ദിണ്ടിക്കല്‍ ഒറ്റച്ചിത്രയിലെ രാജന്‍(48) ആണ് പിടിയിലായത്.
2008ല്‍ നെല്ലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍വെച്ച് ഭാര്യയുടെ അമ്മാവന്‍ പുരുഷോത്തമനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് രാജന്‍. കേസില്‍ മൊത്തം അഞ്ച് പ്രതികളാണുള്ളത്. നെല്ലിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ സംഘം ചേര്‍ന്ന് മദ്യപിക്കുന്നതിനിടെ രാജനും പുരുഷോത്തമനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും തുടര്‍ന്ന് ഇരുവരും സംഘട്ടനത്തിലേര്‍പ്പെടുകയും ചെയ്തു. രാജനൊപ്പം നാല് സുഹൃത്തുക്കളും ചേര്‍ന്നതോടെ പുരുഷോത്തമന്‍ ക്രൂരമര്‍ദ്ദനത്തിനിരയായി. ഗുരുതരമായി പരിക്കേറ്റ പുരുഷോത്തമനെ ആസ്പത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു. രാജന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. റിമാന്റില്‍ കഴിഞ്ഞ പ്രതികള്‍ ജാമ്യത്തിലിറങ്ങുകയും ചെയ്തു. പുരുഷോത്തമന്‍ വധക്കേസില്‍ വിചാരണാ നടപടികളാരംഭിച്ചതോടെ കോടതി നിരവധി തവണ നോട്ടീസയച്ചിട്ടും രാജന്‍ ഹാജരായിരുന്നില്ല.
ഇതേ തുടര്‍ന്ന് രാജനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. രാജന്‍ കാസര്‍കോട്ടെത്തിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രതിയെ പൊലീസെത്തി പിടികൂടുകയായിരുന്നു.