കാസര്‍കോട്: കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിക്ക് ലഭിച്ച കേന്ദ്ര ആരോഗ്യവകുപ്പിന്റെ ദേശീയ ഗുണനിലവാര പുരസ്‌കാര തുക രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്പെടുന്ന രീതിയില്‍ ആസ്പത്രിയുടെ തുടര്‍ന്നുള്ള വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.ബഷീര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
പുരസ്‌കാരത്തുക തുടര്‍ച്ചയായി മൂന്നുവര്‍ഷം 40 ലക്ഷം രൂപ വീതമാണ് ജില്ലാ ആസ്പത്രിക്ക് ലഭിക്കുക. ഇതാദ്യമായാണ് കേരളത്തിലെ ഒരു ജില്ലാ ആസ്പത്രിക്ക് കേന്ദ്രസര്‍ക്കാരിന്റെ ഈ പുരസ്‌കാരം ലഭിക്കുന്നത്.
ശുചിത്വപരിപാലനം, മാലിന്യസംസ്‌കരണം തുടങ്ങിയ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നതിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന അമ്പതുലക്ഷം രൂപയുടെ കായകല്പ പുരസ്‌കാരവും കഴിഞ്ഞവര്‍ഷം ജില്ലാ ആസ്പത്രിക്ക് ലഭിച്ചിരുന്നു.
പുരസ്‌കാരം ലഭിക്കുന്ന ആസ്പത്രികള്‍ക്ക് ഒരു കിടക്കയ്ക്ക് പ്രതിവര്‍ഷം പതിനായിരം രൂപയെന്ന നിരക്കിലാണ് മൂന്നു വര്‍ഷത്തേക്ക് കേന്ദ്രസഹായം ലഭിക്കുക. ഇങ്ങനെയാണ് നിലവില്‍ 400 കിടക്കകളുള്ള ജില്ലാ ആസ്പത്രിക്ക് 40 ലക്ഷം രൂപ ലഭിക്കുന്നത്. പുരസ്‌കാര നിര്‍ണയത്തിന്റെ ഭാഗമായി കഴിഞ്ഞ ജൂണ്‍ 10 മുതല്‍ 12 വരെ കേന്ദ്ര ആരോഗ്യവകുപ്പില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം ജില്ലാ ആസ്പത്രിയിലെത്തി സംവിധാനങ്ങള്‍ വിലയിരുത്തിയിരുന്നു.
ചികിത്സാരീതികള്‍, സേവനമികവ്, ശുചിത്വപരിപാലനം, രോഗികളുടെ അവകാശസംരക്ഷണം, മികച്ച ചികിത്സ നല്‍കുന്നതിനാവശ്യമായ ഭൗതിക സാഹചര്യങ്ങളുടെ ലഭ്യത, അന്താരാഷ്ട്ര തലത്തിലുള്ള സൂചികകളനുസരിച്ചുള്ള ഗുണനിലവാരം, വിവിധ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് പരിഗണിച്ചത്.
കായകല്പ പുരസ്‌കാരം നേടിയതിലൂടെ ലഭിച്ച അമ്പത് ലക്ഷം രൂപ വിനിയോഗിച്ചതിലൂടെ ജില്ലാ ആസ്പത്രിയുടെ ഭൗതികസാഹചര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
24 മണിക്കൂറും ഫാര്‍മസിയുടെ സേവനം ഉറപ്പുവരുത്തിയതും രക്തമൂലികകള്‍ വേര്‍തിരിക്കുന്നതിനുള്ള യൂണിറ്റ്, പുതിയ ഒ.പി. കൗണ്ടറുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സംസ്ഥാനത്താദ്യമായി ഒരേസമയം നിരവധി പേര്‍ക്ക് ചികിത്സ നല്‍കാനാവുന്ന കാഷ്വാലിറ്റി സംവിധാനം, ഡയാലിസിസ് യൂണിറ്റില്‍ പുതിയ ഷിഫ്റ്റ്, നവജാതശിശു പരിചരണത്തിനുള്ള പ്രത്യേക വിഭാഗം എന്നീ നേട്ടങ്ങളും എടുത്തുപറയാവുന്നതാണ്. മാലിന്യസംസ്‌കരണ പ്ലാന്റ്, കേന്ദ്രീകൃത അണുവിമുക്തി സംവിധാനം, കാത്ത് ലാബ്, കാര്‍ഡിയോളജി ഐ.സി.യു, കീമോതെറാപ്പി, പുതിയ ഒ.പി. ബ്ലോക്ക്, ലഹരിവിമുക്തകേന്ദ്രം തുടങ്ങിയവ കഴിവതും വേഗത്തില്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു.
പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, സ്ഥിരം സമിതി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, ജില്ലാ ആസ്പത്രി സൂപ്രണ്ട് ഡോ. കെ.വി.പ്രകാശ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.പി. വിനോദ് കുമാര്‍, ആര്‍.എം.ഒ. ഡോ. രജിത് കൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.