കുമ്പള: ദേശീയ പാതയുടെ ശോചനീയാവസ്ഥയെ തുടര്‍ന്ന് കാസര്‍കോട്-തലപ്പാടി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എട്ടോളം ബസുകള്‍ സര്‍വ്വീസ് നിര്‍ത്തി. ഇത് യാത്രക്കാരെ ദുരിതത്തിലാക്കി. കാസര്‍കോട്- തലപ്പാടി പാതയില്‍ പലയിടത്തും പാതാളക്കുഴികള്‍ രൂപപ്പെട്ടിരിക്കയാണ്. കുഴികളില്‍ തട്ടി ബസുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതായി പരാതി ഉയര്‍ന്നിരുന്നു. ദേശീയ പാതയില്‍ ഗതാഗത തടസവും പതിവാണ്. ബസുകള്‍ കൃത്യ സമയത്ത് എത്താത്തതിനാല്‍ ജീവനക്കാര്‍ തമ്മില്‍ വാക്കേറ്റവും പതിവാകുന്നു. കൃത്യ സമയത്ത് എത്താത്തത് മൂലം ബസുകളുടെ കളക്ഷന്‍ കുറയുന്നു. ഇതേ തുടര്‍ന്ന് പല ജീവനക്കാര്‍ക്കും ദിവസങ്ങളായി ശമ്പളം നല്‍കിയില്ലത്രെ. ഇതേ തുടര്‍ന്ന് ജീവനക്കാര്‍ പണി മുടക്കിയതിനെ തുടര്‍ന്നാണ് പ്രസ്തുത ബസുകളുടെ സര്‍വ്വീസ് മുടങ്ങിയത്. ബസ് ജീവനക്കാരോട് സര്‍വ്വീസ് നടത്താന്‍ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ ദുരിതങ്ങള്‍ക്ക് പരിഹാരമാവാതെ ജോലിയില്‍ പ്രവേശിക്കില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.