ബന്തിയോട്: കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഉള്ളാളിലെ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥികളായ ആരിക്കാടി കോട്ടക്ക് സമീപത്തെ ഹമീദിന്റെ മകന്‍ മുഹമ്മദ് അഫ്രാത്ത് (20), ബംബ്രാണ ആരിക്കാടിയിലെ അബൂബക്കറിന്റെ മകന്‍ ജാഫര്‍(20), കര്‍ണ്ണാടക ബെല്‍ത്തങ്ങാടിയിലെ ഹസനബ്ബയുടെ മകന്‍ സിഹാന്‍(19), ഈശ്വരമംഗലത്തെ മുഹമ്മദ് അലിയുടെ മകന്‍ അനസ്(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 9മണിയോടെ മള്ളങ്കൈ ദേശീയ പാതയിലായിരുന്നു അപകടം.
കാസര്‍കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ഇവര്‍ സഞ്ചരിച്ച സ്വിഫ്റ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന കാര്‍ നാട്ടുകാര്‍ വെട്ടിപ്പൊളിച്ചായിരുന്നു അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. ഉടന്‍ തന്നെ ബന്തിയോട്ടെ ഡി.എം. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് നാല് പേരെയും മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു. അപകടത്തില്‍ കുമ്പള പൊലീസ് കേസെടുത്തു.