ബദിയടുക്ക: അബുദാബിയിലേക്ക് ജോലിക്ക് വിസവാഗ്ദാനം ചെയ്ത് നാലുപേരില്‍ നിന്നായി ഒരുലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ പൊലീസ് അന്വേഷണം തുടങ്ങി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ഏണിയാര്‍പ്പിലെ അഖില്‍രാജ്(23), സന്ദീപ്(23), നിഷിത്കുമാര്‍ കടമ്പള, അനില്‍കുമാര്‍ ബേള എന്നിവരാണ് വഞ്ചിക്കപ്പെട്ടത്. കാഞ്ഞങ്ങാട് സ്വദേശിക്കെതിരെ ഇവര്‍ കുമ്പള പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അനില്‍കുമാറിന്റെ ജ്യേഷ്ഠന്‍ ഉദയനും കാഞ്ഞങ്ങാട് സ്വദേശിയും പരിചയക്കാരാണ്. സംസാരത്തിനിടെ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയിലെ ബനിയ എന്ന സ്ഥലത്തെ മൊബൈല്‍ ഷോപ്പില്‍ ജോലി ഒഴിവുണ്ടെന്നും പരിചയത്തിലുള്ളവര്‍ക്ക് ജോലി ആവശ്യമുണ്ടെങ്കില്‍ വിസ സംഘടിപ്പിച്ചുതരാമെന്നും അറിയിച്ചു. ഉദയന്‍ ഇക്കാര്യം സഹോദരന്‍ അനില്‍കുമാര്‍ അടക്കമുള്ളവരുടെ ശ്രദ്ധയില്‍ പെടുത്തി. ഇതോടെ നാലുപേരും കാഞ്ഞങ്ങാട് സ്വദേശിയുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഓരോ ആളും വിസക്ക് 40,000 രൂപ നല്‍കണമെന്നും ആദ്യഗഡുവായി 25000 രൂപ നല്‍കിയാല്‍ മതിയെന്നും അറിയിച്ചു. പിന്നീട് നാലുപേരും പണവുമായി കുമ്പളയിലെത്തുകയും അവിടെ വെച്ച് തുക കൈമാറുകയും ചെയ്തുവത്രെ. ഇതിനുശേഷം കാഞ്ഞങ്ങാട് സ്വദേശി നാലുപേരെയും ഫോണില്‍ ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിനായി കോഴിക്കോട്ടേക്ക് പോകണമെന്നും കുമ്പളയില്‍ നിന്ന് പുറപ്പെടാമെന്നും അറിയിച്ചു.
കോഴിക്കോട്ടേക്ക് പോകാനായി അഖില്‍രാജും അനില്‍കുമാറും അടക്കമുള്ളവര്‍ കുമ്പളയിലെത്തിയെങ്കിലും കാഞ്ഞങ്ങാട് സ്വദേശി അവിടെയുണ്ടായിരുന്നില്ല. ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് എന്നായിരുന്നു മറുപടി. മണിക്കൂറുകളോളം കാത്തുനിന്നിട്ടും എത്താതിരുന്നതോടെ നാലുപേരും കാഞ്ഞങ്ങാട്ടെ വീട്ടിലെത്തി അന്വേഷിച്ചെങ്കിലും അവിടെയുണ്ടായിരുന്നില്ല. തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി ബോധ്യപ്പെട്ട ഇവര്‍ പണം കൈമാറിയത് കുമ്പള പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് അവിടത്തെ പൊലീസില്‍ പരാതി നല്‍കിയത്.