കാസര്‍കോട്: എസ്റ്റേറ്റ് മാനേജരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ കോടതി നാലുവര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. മാലോം എടക്കാല പുരയിടത്തില്‍ ഹൗസില്‍ പി.എല്‍ പ്രസാദിനെ(53)യാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ്(മൂന്ന്) കോടതി ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 326 വകുപ്പ് പ്രകാരം നാലുവര്‍ഷവും 447 പ്രകാരം മൂന്നുമാസവും തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം അധികതടവ് അനുഭവിക്കണം. മാലോം മുട്ടില്‍ ഹൗസിലെ പി.പി. ജോണിനെ(59) കഠാര കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയാണ് പ്രസാദ്. 2016 ഫെബ്രുവരി 19ന് അര്‍ധരാത്രി പ്രസാദ് ജോണിന്റെ വീട്ടില്‍ അതിക്രമിച്ചുകയറുകയും ജോണിനെ അക്രമിക്കുകയുമായിരുന്നു. ജോണ്‍ മാനേജരായ എസ്‌റ്റേറ്റിലെ ജീവനക്കാരനായിരുന്നു പ്രസാദ്. ജോലിയില്‍ നിന്ന് ഒഴിവാക്കിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ജോണിന്റെ പരാതിയില്‍ പ്രസാദിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരുന്നത്.