കാഞ്ഞങ്ങാട്: രണ്ടാം ഭാര്യയെ പെണ്‍വാണിഭസംഘത്തിന് കൈമാറാന്‍ ശ്രമിച്ച കേസില്‍ റിമാണ്ടില്‍ കഴിയുന്ന പ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃക്കരിപ്പൂര്‍ പൊറോപ്പാട് വിറ്റാക്കുളത്തെ അബ്ദുല്‍സലാമിനെ(48)യാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട്(ഒന്ന്) കോടതി ചന്തേര പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. കണ്ണൂര്‍ ജില്ലയില്‍ താമസിക്കുന്ന രണ്ടാംഭാര്യയുടെ പരാതിയിലാണ് അബ്ദുല്‍സലാമിനെതിരെ ചന്തേര പൊലീസ് കേസെടുത്തിരുന്നത്. ഇതരസംസ്ഥാനതൊഴിലാളികളുമായി ചേര്‍ന്ന് അബ്ദുല്‍സലാം പെണ്‍വാണിഭം നടത്തുന്നുവെന്നും തന്നെ സംഘത്തിന് കൈമാറാന്‍ ശ്രമിച്ചുവെന്നുമായിരുന്നു യുവതിയുടെ പരാതിയില്‍ വ്യക്തമാക്കിയിരുന്നത്. പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് ഒളിവില്‍ പോയ അബ്ദുല്‍സലാം കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങുകയായിരുന്നു. റിമാണ്ടിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടുന്നതിന് പോലീസ് കോടതിയില്‍ ഹരജി നല്‍കി. ഇതേ തുടര്‍ന്നാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്. അബ്ദുല്‍സലാമിനെ പൊലീസ് കാഞ്ഞങ്ങാട്ടെ ബന്ധുവീട്ടിലും വിറ്റാക്കുളത്തെ വ്യാപാരസ്ഥാപനത്തിലും തെളിവെടുപ്പിനെത്തിച്ചു. അബ്ദുല്‍സലാമുമായി ബന്ധമുള്ള മൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.