കാഞ്ഞങ്ങാട്: പ്രശസ്ത ഫുട്‌ബോളര്‍ മുഹമ്മദ് റാഫി വീണ്ടും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. വെള്ളിയാഴ്ച ചെന്നൈ എഫ്.സി വിട്ടതായി ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെയാണ് റാഫി അറിയിച്ചത്. എ.എഫ്.സി കപ്പിലടക്കം കളിക്കാനായ ചാരിതാര്‍ത്ഥ്യത്തോടെയാണ് ചെന്നൈ വിടുന്നതെന്നാണ് എഫ്.ബി പേജില്‍ പറയുന്നത്. കൂടാതെ ചെന്നൈയുടെ കൂടെയുണ്ടായിരുന്ന രണ്ട് വര്‍ഷവും തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും നല്ല കാലയളവായിരുന്നുവെന്നും നല്ല സംതൃപ്തിയാണ് ചെന്നൈയിലുണ്ടായിരുന്നതെന്നും റാഫി കുറിച്ചു. അതേ സമയം ചെന്നൈ എഫ്.സി വിട്ട മുഹമ്മദ് റാഫിയോട് ഭാവി എന്താണ് എന്ന് ചോദിച്ചപ്പോള്‍ നിലവില്‍ നേരത്തെ കളിച്ച കേരള ബ്ലാസ്റ്റേഴ്‌സുമായി ചര്‍ച്ചകള്‍ നടക്കുന്നതായി റാഫി പറഞ്ഞു. ക്ലിനിക്കല്‍ ഫിനിഷര്‍ എന്നറിയപ്പെടുന്ന റാഫി, ഐ.എസ്.എല്‍ ഫൈനലില്‍ ഗോള്‍ നേടിയ 5 ഇന്ത്യന്‍ താരങ്ങളിലൊരാളും ഏക മലയാളിയുമാണ്. മുഹമ്മദ് റഫീക്ക് (2014), തോങ്കോസിങ് ഹോക്കിപ്(2015), സുനില്‍ ഛേത്രി (2018), രാഹുല്‍ ഭെക്കെ (2019) എന്നിവരാണ് മറ്റുള്ളവര്‍. 2016ലെ ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ച ഗോള്‍ റാഫിയുടേതായിരുന്നു. തുടര്‍ച്ചയായ അഞ്ചാം സീസണിലും കളത്തിലിറങ്ങിയ റാഫിയുടെ കരിയറിലെ ഏറ്റവും മോശം വര്‍ഷമായിരുന്നു ഇത്തവണത്തേത്. 3 കളികള്‍ക്കായി 7 മിനിറ്റു മാത്രമാണ് റാഫി കളത്തിലിറങ്ങിയത്. ഹെഡ്ഡര്‍ സ്‌പെഷലിസ്റ്റായ റാഫി ഐ.എസ്.എല്ലില്‍ ഇതുവരെ നേടിയ ഗോളുകള്‍ 9. ഇതില്‍ ഏഴും ഹെഡ്ഡറില്‍നിന്നാണ്. ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഹെഡ് മാസ്റ്റര്‍ എന്ന പേരിലാണ് റാഫി അറിയപ്പെടുന്നത്. 2, 3 സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി നേടിയത് 6 ഗോളാണ്. ഇതില്‍ ഒന്നൊഴികെയെല്ലാം തലയില്‍നിന്ന്. ചെന്നൈയിനായി കഴിഞ്ഞ സീസണില്‍ നേടിയ 2 ഗോളുകളും പിറന്നത് തലയില്‍നിന്ന്.