മുള്ളേരിയ: ഓവുചാല്‍ തകര്‍ന്നു തരിപ്പണമായതോടെ റോഡും തകര്‍ച്ച ഭീഷണിയില്‍. ബോവിക്കാനം-ബാവിക്കര റോഡിന്റെ ഓവുചാലാണ് തകര്‍ന്നത്. മൂന്ന് മാസം മുന്‍പാണ് നുസ്രത്ത് നഗര്‍ മുതല്‍ ബാവിക്കര സ്‌കൂള്‍ വരെ റോഡ് റീ ടാറിങ് ചെയ്ത്. നിലവിലുണ്ടായിരുന്നതിനേക്കാള്‍ 1.2 മീറ്റര്‍ വീതിയില്‍ കോണ്‍ക്രീറ്റ് ചെയ്ത് പാത വീതി കൂട്ടിയാണ് ഓവുചാല്‍ നിര്‍മിച്ചത്. മഴയില്‍ ഓവുചാലിന്റ അകത്ത് പാകിയ കോണ്‍ഗ്രീറ്റ് പൂര്‍ണമായും ഒലിച്ചുപോയി. ഓവുചാലിന്റെ ഭിത്തി പത്ത് മീറ്ററിലധികം നീളത്തില്‍ തകര്‍ന്നു വീണിരിക്കുകയാണ്. ഇതോടെ മഴവെള്ളം കുത്തിയൊലിച്ച് പാതയ്ക്കരികിലെ മണ്ണുകള്‍ ഒലിച്ചുപോയി പാതയുടെ വീതികൂട്ടിയ കോണ്‍ക്രീറ്റും റീടാറിങ് ചെയ്ത പല ഭാഗങ്ങളും തകര്‍ന്നു തുടങ്ങിയ അവസ്ഥയിലാണ്. വര്‍ഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ബാവിക്കരയില്‍ നിന്നുള്ള ജലഅതോറിറ്റിയുടെ പമ്പിങ് തടഞ്ഞ് പ്രതിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് അന്നത്തെ കലക്ടര്‍ കെ.ജീവന്‍ബാബു സ്ഥലം സന്ദര്‍ശിക്കുകയും എം.എല്‍.എമാരായ കെ.കുഞ്ഞിരാമന്‍, എന്‍.എ.നെല്ലിക്കുന്ന്, മുളിയാര്‍ പഞ്ചായത്ത് പ്രസിഡണ്ട്, ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ കലക്ടറുടെ ചേംബറില്‍ യോഗം ചേരുകയും റോഡ് നവീകരണത്തിനായി ജലഅതോറിറ്റി15 ലക്ഷവും പഞ്ചായത്ത് 15 ലക്ഷവും അനുവദിക്കുകയായിരുന്നു. പാത നവീകരണത്തില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് നാട്ടുകാര്‍ പഞ്ചായത്തിനു പരാതി നല്‍കി.