കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിലുള്ള എന്‍ഡോസള്‍ഫാന്‍ പ്രതിരോധ സമര സംഗമം കാസര്‍കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തുടങ്ങി. ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് ഉദ്ഘാടനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ കീടനാശിനി പച്ചവെള്ളം പോലെയെന്ന് പറഞ്ഞ് വലിയൊരു ദുരന്തത്തെ നിസാരവല്‍ക്കരിക്കുകയും ഇരകളെ അവഹേളിക്കുകയും ചെയ്യുന്ന കാസര്‍കോട് ജില്ലാ കലക്ടര്‍ രാജിവെക്കണമെന്നും അതുവരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടറെ മാറ്റുക, ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിക്കുക, മുഴുവന്‍ ദുരിതബാധിതര്‍ക്കും നഷ്ടപരിഹാരം നല്‍കുക, മുഴുവന്‍ ദുരിതബാധിതരേയും പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമര സംഗമം. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഡോ. അംബികാസുതന്‍ മാങ്ങാട്, ദയാഭായി, അബ്ദുല്‍ഖാദര്‍ ചട്ടഞ്ചാല്‍, സുല്‍ഫത്ത്, വി.വി പ്രഭാകരന്‍, മധു എസ്. നായര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒക്‌ടോബറില്‍ നടക്കുന്ന സമരത്തിന്റെ പ്രഖ്യാപനം ഇന്ന് രാവിലെ പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരച്ചോട്ടില്‍ ദയാഭായി നിര്‍വ്വഹിച്ചു.