കാസര്‍കോട്: കുത്തകകള്‍ക്കും വര്‍ഗീയശക്തികള്‍ക്കും വഴങ്ങിക്കൊടുക്കുന്നവരായി മുഖ്യധാരാ മാധ്യമങ്ങള്‍ മാറിയെന്ന് ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. സി.പി.എം കാസര്‍കോട് എരിയാകമ്മിറ്റി സംഘടിപ്പിച്ച ‘മാധ്യമങ്ങളുടെ ഇടതുപക്ഷ വിരുദ്ധത’ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രളയം പോലുള്ള ദുരന്തമുണ്ടാകുമ്പോഴും സര്‍ക്കാരിനെ കുറ്റപ്പെടുത്തി ഇടതുവിരുദ്ധത ജനങ്ങളില്‍ അടിച്ചേല്‍പിക്കാനാണ് ശ്രമിച്ചത്. മിക്കവരും നിഷേധാത്മക മാധ്യമപ്രവര്‍ത്തനമാണ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും ഇടത് സര്‍ക്കാരിന്റെയും ക്രിയാത്മകമായ ഇടപെടലുകളെ പാടെ അവഗണിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസ്യത വരാതിരിക്കാനുമുള്ള ദുരുദ്ദേശപരമായ നീക്കമാണ് നടന്നത്. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ അനുവദിക്കില്ലെന്ന ഇത്തരം നിലപാടുകളെ തിരിച്ചറിയണം.
ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നറിയാമെങ്കിലും മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് വരുത്താനാണ് മാധ്യമങ്ങള്‍ ശ്രമിച്ചത്.
എന്നാല്‍ കോടതി വിധിയില്‍ തങ്ങളുടെ നിലപാട് എന്താണെന്ന് വ്യക്തമാക്കാന്‍ ഈ മാധ്യമങ്ങള്‍ മുന്നോട്ടുവന്ന ശേഷം ഇത്തരത്തില്‍ വിമര്‍ശനം നടത്തണമായിരുന്നു. ഒരു നുണ പത്തുതവണ പറഞ്ഞ് സത്യമെന്ന് വരുത്തുന്ന കാലത്തില്‍നിന്നും മാറി ഒരു നുണ പത്തുപേര്‍ ഒന്നിച്ച് പടച്ചുവിട്ട് ശരിയാണെന്ന് വരുത്തുകയാണ് ഇപ്പോള്‍ നടക്കുന്നത്- അദ്ദേഹം പറഞ്ഞു.
കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച കാസര്‍കോട് ഏരിയാ സെമിനാറില്‍ ജില്ലാകമ്മിറ്റി അംഗം എം.സുമതി അധ്യക്ഷതവഹിച്ചു. കെ.എ. മുഹമ്മദ് ഹനീഫ സ്വാഗതം പറഞ്ഞു.