മഞ്ചേശ്വരം: ദേശീയപാതയിലൂടെയുള്ള യാത്ര യാത്രക്കാര്‍ക്ക് ഭീതിയായി മാറുന്നു. ഇതുനിമിഷവും അപകടം സംഭവിക്കാമെന്ന ഭീതിയോടെയാണ് കാസര്‍കോട്-തലപ്പാടി പാതയിലൂടെയുള്ള നിലവിലെ യാത്ര. ദേശീയപാതയില്‍ പലയിടത്തും വലിയ കുഴികളും രൂപപ്പെട്ടിരിക്കുകയാണ്. ഇത്തരം കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പെടാതെ ചെറിയ വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നത് പതിവായിരിക്കുകയാണ്. റോഡിലെ കുഴിയില്‍ കുടുങ്ങി വലിയ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നതും നിത്യസംഭവമാണ്. വലിയ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങുന്നത് കാരണം ദേശീയപാതയില്‍ ഗതാഗത തടസ്സം രൂക്ഷമായിരിക്കുകയാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ കല്ലുകള്‍ ഇളകി തെറിക്കുന്നത് മൂലം അപകടവും സംഭവിക്കുന്നു. ചിലയിടങ്ങളില്‍ നാട്ടുകാരും ചില സംഘടനകളും മണ്ണും കല്ലുമിട്ട് ദേശീയപാതയിലെ കുഴികള്‍ നികത്താന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായുള്ള മഴ കാരണം അവിടമൊക്കെ പഴയ സ്ഥിതിയിലായി. ഇന്നലെയും മണിക്കൂറുകളോളമാണ് ഗതാഗതം സ്തംഭിച്ചത്.
യഥാസമയം നിശ്ചിത കേന്ദ്രങ്ങളില്‍ എത്താനാവാത്തത് കാരണം ചില സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത് യാത്രക്കാരെ നന്നേവലച്ചു. ഇത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമാകുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്‌കൂളുകളില്‍ എത്താനാവുന്നില്ലെന്നും പരാതിയുണ്ട്. ദേശീയപാത അറ്റകുറ്റപ്പണിക്ക് നിര്‍ദ്ദേശമുണ്ടായെങ്കിലും മഴ തുടരുന്നത് കാരണം പ്രവൃത്തി തുടങ്ങാനാവുന്നില്ലെന്നാണ് പറയുന്നത്.