ചെങ്കള: ചെങ്കള സര്‍വ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് സ്ഥാനം മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് കുഞ്ഞി കടവത്ത് രാജിവെക്കും. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്. രണ്ട് ദിവസത്തിനകം രാജി ഉണ്ടാവുമെന്ന് മുഹമ്മദ് കുഞ്ഞി ഉത്തരദേശത്തോട് പറഞ്ഞു. ബാങ്ക് പ്രസിഡണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണ വോര്‍ക്കൂഡ്‌ലുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സ്ഥാനത്തേക്ക് മത്സരം വന്നപ്പോള്‍ നറുക്കെടുപ്പിലൂടെയാണ് മുഹമ്മദ് കുഞ്ഞി വിജയിച്ചത്.
ജുലായ് 12 നായിരുന്നു തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസിലെ ബി.കെ. കുട്ടിയും മത്സര രംഗത്ത് ഉണ്ടായിരുന്നു. തങ്ങള്‍ക്ക് അവകാശപ്പെട്ട പ്രസിഡണ്ട് പദവി സഖ്യകക്ഷിയായിട്ട് കൂടി മുസ്ലിം ലീഗ് തട്ടിയെടുത്തുവെന്ന് കോണ്‍ഗ്രസ് പിന്നീട് ആരോപിക്കുകയുണ്ടായി. ലീഗ്-കോണ്‍ഗ്രസ് ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന നിലയിലെത്തിയപ്പോള്‍ വിഷയത്തില്‍ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഇടപെടുകയും സംസ്ഥാന നേതൃത്വത്തെ വിവരം ധരിപ്പിക്കുകയും ചെയ്തു.
ഇതേ തുടര്‍ന്നാണ് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കൂടിയാലോചനക്ക് ശേഷം ബാങ്ക് പ്രസിഡണ്ട് പദവി ഒഴിയാന്‍ മുഹമ്മദ് കുഞ്ഞിയോട് ആവശ്യപ്പെട്ടത്.