കാഞ്ഞങ്ങാട്: ഇതര സംസ്ഥാനക്കാരായ ദമ്പതികളുടെ പിഞ്ചുകുഞ്ഞിന്റെ മരണത്തില്‍ സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ കുഴിച്ചിട്ട മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രി സര്‍ജന്‍ ഇന്നുച്ചയ്ക്ക് സ്ഥലത്തെത്തും. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്താണ് മൃതദേഹം കുഴിച്ചിട്ടത്. കുഴിമൂടിയ ശേഷം കല്ല് അതിന് മുകളില്‍ വെച്ചിരുന്നുവെന്നാണ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. തെരുവോരത്ത് കഴിഞ്ഞതിനാല്‍ കനത്ത മഴയിലും തണുപ്പിലും കുഞ്ഞിന് പനിബാധിച്ചുവെന്നും ഇതേ തുടര്‍ന്നാണ് മരിച്ചതെന്നും കുഞ്ഞിന്റെ അമ്മ പൊലീസിനോട് പറഞ്ഞു. ഇക്കാര്യം ഏതാണ്ട് ശരിയാണെന്നാണ് പൊലീസിന്റെയും നിഗമനം. എന്നാല്‍ ഭര്‍ത്താവ് നല്‍കിയ മൊഴിയിലെ സംശയമാണ് പൊലീസിനെ തുടര്‍ നടപടികള്‍ക്ക് നിര്‍ബന്ധിതമാക്കിയത്. കുഞ്ഞിനെ മറ്റൊരു യുവാവുമായി ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് ഭര്‍ത്താവ് നല്‍കിയ മൊഴി. കണ്ണൂര്‍ ടൗണില്‍ വെച്ച് പരസ്പരം ഏറ്റുമുട്ടുന്നതിനിടയില്‍ കണ്ണൂര്‍ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നത്. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടയിലാണ് കുഞ്ഞിനെ കൊന്നതാണെന്ന പരാമര്‍ശം വന്നത്.
രാജസ്ഥാനിലെ ടോംഗ് ജില്ലയില്‍ കരോട്ടെ നിവായി താലൂക്കിലെ ബെന്ന എന്ന വിജയയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ബെന്നയും മറ്റൊരു യുവാവും തമ്മിലുള്ള വാക്തര്‍ക്കത്തിനിടയില്‍ യുവാവ് ബെന്നയേയും കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് കുഞ്ഞിനെ യുവാവ് കൊന്നതാണെന്ന് പൊലീസിനോട് പറഞ്ഞത്.