ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദിയുടെയും സൗദി അധികൃതരുടെയും നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി, ആന്ധ്രക്കാരിയായ രമണമ്മയുടെ വര്‍ഷങ്ങള്‍ നീണ്ട ദുരിതപൂര്‍ണ്ണമായ അനുഭവങ്ങള്‍ക്ക് ഒടുവില്‍ പരിഹാരമായി.
ആന്ധ്രാപ്രദേശ് കടലി സ്വദേശിനിയായ വെങ്കട്ട രമണമ്മയുടെ പ്രവാസജീവിതം ആരംഭിച്ചത് 8 വര്‍ഷം മുന്‍പാണ്. അവരുടെ ഭര്‍ത്താവ് കുവൈത്തിലെ ഒരു തോട്ടത്തിലെ ജോലിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായാണ് ഒരു വീട്ടുജോലിക്കാരിയുടെ വിസ കിട്ടിയത്. പറക്കമുറ്റാത്ത രണ്ടു മക്കളെ വൃദ്ധരായ മാതാപിതാക്കളെ ഏല്‍പ്പിച്ചിട്ടു കുവൈറ്റില്‍ എത്തിയ രമണമ്മ, നാല് വര്‍ഷം അവിടെ സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്തു. തുച്ഛമായ തുക ആയിരുന്നാലും അക്കാലത്ത് ശമ്പളമൊക്കെ കൃത്യമായി കിട്ടിയിരുന്നു. എന്നാല്‍ നാട്ടില്‍ പോകാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോഴൊക്കെ, ‘പിന്നെയാകട്ടെ’ എന്ന മറുപടി മാത്രമാണ് ആ വീട്ടുകാരില്‍ നിന്നും കിട്ടിയത്. അതിനാല്‍ ഒരിയ്ക്കല്‍ പോലും വെക്കേഷന് നാട്ടില്‍ പോകാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.
നാല് വര്‍ഷങ്ങള്‍ക്ക് ശേഷം, സൗദി അറേബ്യയില്‍ നിന്നെത്തിയ സ്‌പോണ്‍സറുടെ ബന്ധുവിന്റെ കുടുംബം, തിരികെ പോയപ്പോള്‍ രമണമ്മയെ കൂടെ കൊണ്ടുപോയി. അങ്ങനെ ഹഫറല്‍ ബാഥ്വിനിലെ സൗദി വീട്ടില്‍ എത്തപ്പെട്ട അവര്‍, മൂന്നു മാസം ആ വീട്ടില്‍ ജോലി ചെയ്തു. മൂന്നു മാസത്തിനു ശേഷം ആ വീട്ടുകാര്‍ രമണമ്മയെ മറ്റൊരു സൗദി വീട്ടില്‍ ജോലിയ്ക്കായി അയച്ചു. ആ വീട്ടില്‍ രണ്ടര വര്‍ഷക്കാലം ഇവര്‍ ജോലി ചെയ്തു.
വളരെ മോശമായ ജോലിസാഹചര്യങ്ങളാണ് അവര്‍ ആ വീട്ടില്‍ നേരിട്ടത്. രാപകല്‍ വിശ്രമമില്ലാതെ ജോലി ചെയ്യിച്ചെങ്കിലും, ഒരു റിയാല്‍ പോലും ശമ്പളമായി നല്‍കിയില്ല. ശമ്പളം ചോദിയ്ക്കുമ്പോഴൊക്കെ ‘നാട്ടില്‍ പോകുമ്പോള്‍ ഒരുമിച്ചു തരാം’ എന്ന മറുപടിയാണ് കിട്ടിയത്.
ഒടുവില്‍ സഹികെട്ട് രമണമ്മ ആരുമറിയാതെ ആ വീട്ടില്‍ നിന്നും പുറത്തു കടന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞു. പോലീസുകാര്‍ അവരെ ദമ്മാമിലുള്ള വനിതാ അഭയകേന്ദ്രത്തില്‍ കൊണ്ടു ചെന്നാക്കി.
അഭയകേന്ദ്രം അധികാരികള്‍ അറിയിച്ചതനുസരിച്ച് അവിടെയെത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ രമണമ്മയോട് സംസാരിച്ചു വിവരങ്ങള്‍ മനസ്സിലാക്കി. അവരുടെ പരാതിയില്‍ സ്‌പോണ്‍സറായ കുവൈത്തി പൗരനെതിരെ സൗദി അധികൃതര്‍ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ അയാള്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് നീണ്ടു പോയി. ഇന്ത്യന്‍ എംബസ്സിയില്‍ നിന്നും ഔട്ട്പാസ്സ് വാങ്ങി, അഭയകേന്ദ്രം വഴി എക്‌സിറ്റ് അടിച്ചു നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് മഞ്ജു അറിയിച്ചെങ്കിലും, തനിയ്ക്ക് കിട്ടാനുള്ള രണ്ടര വര്‍ഷത്തെ കുടിശ്ശിക ശമ്പളം മുഴുവന്‍ കിട്ടാതെ നാട്ടിലേയ്ക്ക് പോകില്ല എന്ന തീരുമാനത്തില്‍ രമണമ്മ ഉറച്ചു നിന്നു. അതിനാല്‍ അവരുടെ കാത്തിരിപ്പ് ഒരു വര്‍ഷത്തോളം നീണ്ടു.
അതിനിടെ രമണമ്മയെ സൗദിയിലേയ്ക്ക് കൂട്ടി കൊണ്ടുവന്ന സ്‌പോണ്‍സറുടെ ബന്ധുവിനെ, പോലീസ് അറസ്റ്റ് ചെയ്തു. അയാളുടെ സര്‍ക്കാര്‍സേവനങ്ങള്‍ക്ക് വിലക്കും ഏര്‍പ്പെടുത്തി. അതോടെ സ്‌പോണ്‍സര്‍ ഒത്തുതീര്‍പ്പിന് തയ്യാറായി. തുടര്‍ന്ന് അഭയകേന്ദ്രം അധികൃതരും, നവയുഗം ജീവകാരുണ്യവിഭാഗവും സ്‌പോണ്‍സറുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവില്‍ കുടിശ്ശിക ശമ്പളവും ടിക്കറ്റും നല്‍കാന്‍ സ്‌പോണ്‍സര്‍ തയ്യാറായി.
സ്‌പോണ്‍സര്‍ പണം നല്‍കിയതോടെ, മറ്റു നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയായി. മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസ്സി വഴി ഔട്ട്പാസ്സ് എടുത്തു നല്‍കി. അഭയകേന്ദ്രം അധികാരികള്‍ ഫൈനല്‍ എക്‌സിറ്റ് അടിച്ചു നല്‍കി.
അങ്ങനെ എട്ടു വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച്, സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു, രമണമ്മ നാട്ടിലേയ്ക്ക് മടങ്ങി.