ഓണത്തിന് റേഷന്‍ കടകളിലൂടെയും സിവില്‍ സപ്ലൈസ് വഴിയുള്ള ഓണച്ചന്തകളിലൂടെയുമുള്ള അരി വിതരണം തടസ്സപ്പെടുമെന്ന അഭ്യൂഹം ശക്തമായിട്ടുണ്ട്. അരി വിതരണത്തിന് ടെണ്ടര്‍ എടുത്ത ഏജന്‍സികള്‍ അരി നല്‍കാനാവില്ലെന്ന് കണ്‍സ്യൂമര്‍ ഫെഡിനെ അറിയിച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മനപൂര്‍വ്വം അരിവില വര്‍ധിപ്പിക്കാനുള്ള ഏജന്‍സികളുടെ തന്ത്രമാണിതെന്നും പറയപ്പെടുന്നുണ്ട്. സഹകരണ സംഘങ്ങള്‍ വഴി 3500 ഓണച്ചന്തകള്‍ തുടങ്ങാനാണ്‌സര്‍ക്കാര്‍ ആലോചിക്കുന്നത്. ഈ ചന്തകള്‍ വഴി ഒരു റേഷന്‍ കാര്‍ഡിന് അരി ഉള്‍പ്പെടെ 13 ഇനങ്ങളാണ് സബ്‌സിഡി നിരക്കില്‍ നല്‍കുന്നത്. സബ്‌സിഡി ഇനത്തില്‍ സര്‍ക്കാര്‍ നല്‍കേണ്ട തുകയുടെ ഒരു വിഹിതം മുന്‍കൂറായി കണ്‍സ്യൂമര്‍ ഫെഡിന് നല്‍കി കഴിഞ്ഞു. സബ്‌സിഡി സാധനങ്ങള്‍ കണ്‍സ്യൂമര്‍ ഫെഡിന് വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള നാഷണല്‍ കമോഡിറ്റി ആന്റ് ഡെറിവേറ്റീവ്‌സ് എക്‌സ്‌ചേഞ്ചിനാണ് (എന്‍.സി.ഡി.ഇ.എക്‌സ്.), ഓര്‍ഡര്‍ നല്‍കിയത്. ഇവരില്‍ നിന്ന് ടെണ്ടര്‍ ഏറ്റെടുക്കുന്ന ഏജന്‍സികളാണ്. അരിവിതരണം ചെയ്യാനില്ലെന്നാണ് അറിയിച്ചത്. അരിവിതരണം ഏറ്റെടുത്ത മൂന്ന് ഏജന്‍സികളും കേരളത്തിലുള്ളതും കണ്‍സ്യൂമര്‍ ഫെഡിന് നേരത്തെ സാധനങ്ങള്‍ നല്‍കിയിരുന്നവരുമാണ്. സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വീഴ്ച വരുത്തിയാല്‍ നഷ്ടം ഏജന്‍സികള്‍ നല്‍കിയ സെക്യൂരിറ്റി തുകയില്‍ നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ട്. ഗുണനിലവാരവും മാനദണ്ഡങ്ങളും പാലിച്ചില്ലെങ്കിലും ഏജന്‍സികളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാം. ഇത് നിലനില്‍ക്കെയാണ് ഏജന്‍സികളുടെ പിന്മാറ്റം. സെപ്തംബര്‍ മുതലാണ് ഓണച്ചന്തകള്‍ തുടങ്ങാന്‍ ആലോചിക്കുന്നത്. ഇതിനിടെ വീണ്ടും ടെണ്ടര്‍ വിളിച്ച് പുതിയ ഏജന്‍സിയെ നിയമിക്കാനാവില്ല. വിതരണം ഏറ്റെടുത്ത ഏജന്‍സികള്‍ പിന്മാറിയാല്‍ കണ്‍സ്യൂമര്‍ ഫെഡിന് ഉയര്‍ന്ന തുകയ്ക്ക് അരിവാങ്ങേണ്ടിവരും. ഇതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാവുക. നേരത്തെ ആന്ധ്രയില്‍ നിന്ന് അരിയെത്തിച്ചതില്‍ വ്യാപകമായ ക്രമക്കേടുണ്ടായിരുന്നു. എന്തായാലും അരി വിതരണം മുടങ്ങില്ലെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നത് ആശ്വാസകരമാണ്.
അതിനിടെ സപ്ലൈകോ വഴി സംഭരിച്ച് മില്ലുകള്‍ക്ക് നല്‍കുന്ന നെല്ല് കുത്തിയെടുത്ത അരി സംസ്ഥാനത്തെ പ്രമുഖ അരിവ്യാപാര കുത്തകകള്‍ക്ക് നല്‍കുകയും പകരം തമിഴ്‌നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും കൊണ്ടുവരുന്ന ഗുണനിലവാരം കുറഞ്ഞ അരി വിതരണം ചെയ്യാനുള്ള നീക്കം നടക്കുന്നതായും പരാതി ഉയരുന്നുണ്ട്. കിലോയ്ക്ക് 26.30 രൂപ നിരക്കിലാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. ഈ നെല്ല് അരിയാക്കി സപ്ലൈകോക്ക് വേണ്ടി മില്ലുകാര്‍ വിവിധ ഭക്ഷ്യ സുരക്ഷാ ഗോഡൗണുകളില്‍ എത്തിക്കണമെന്നാണ് കരാര്‍. മില്ലുകാര്‍ക്കുള്ളത് കുത്തു കൂലിയാണ്. ഗോഡൗണുകളില്‍ നിന്ന് റേഷന്‍ കടകള്‍ വഴി ഈ അരി ഗുണഭോക്താക്കള്‍ക്ക് നല്‍കണം. ഈ അരി ഭക്ഷ്യ സുരക്ഷാ ഗോഡൗണുകളില്‍ എത്തിക്കാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഇതിലൊക്കെ കാര്യഗൗരവമായ അന്വേഷണം ഉണ്ടാവണം. ചില ഉദ്യോഗസ്ഥര്‍ തന്നെയാണ് ഇത്തരം തട്ടിപ്പുകളുടെ പിന്നാമ്പുറത്തുള്ളതെന്ന കാര്യം ഏവര്‍ക്കും അറിയാവുന്നതുമാണ്. എന്തായാലും ഓണത്തിന് ഉപഭോക്താക്കള്‍ക്ക് അരിയും പല വ്യഞ്ജനങ്ങളും എത്തിക്കുന്നതില്‍ കാലതാമസം ഉണ്ടാവരുത്.