ചെര്‍ക്കള: ചെങ്കള പഞ്ചായത്തിലെ നായന്മാര്‍മൂല, സന്തോഷ്‌നഗര്‍, ചെര്‍ക്കള തുടങ്ങിയ സ്ഥലങ്ങളിലെ ഹോട്ടല്‍, ബേക്കറി, തട്ടുകടകൂള്‍ബാര്‍, തുടങ്ങിയ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി. അഷറഫിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹെല്‍ത്തികേരളയുടെ ഭാഗമായാണ് പരിശേധന.
പഴകിയ ബീഫ് കറി, ചിക്കല്‍ക്കറി, ചിക്കന്‍ ഫ്രൈ, പൂപ്പല്‍ബാധിച്ച മസാല കൂട്ട്, പുഴു കയറിയ തൈര്, അച്ചാര്‍, ചീഞ്ഞളിഞ്ഞഉള്ളി, പഴകിചീഞ്ഞ മുളക് തുടങ്ങിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ശുചിത്വം പാലിക്കാതെയും മതിയായ രേഖകള്‍ ഇല്ലാതെയും പ്രവര്‍ത്തിക്കുന്ന 7 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
ചെര്‍ക്കളയില്‍ പ്രവര്‍ത്തിക്കുന്ന ഒരു തട്ടുകട അടച്ചുപൂട്ടാനും നോട്ടീസ് നല്‍കി. നോട്ടീസില്‍ പറഞ്ഞ കാര്യങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അഫീസ്ഷാഫി, രാജേഷ്, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് ആശമോള്‍ എന്നിവര്‍ പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നു.
ചെങ്കള പഞ്ചായത്തിലെ ഭക്ഷണം കൈകാര്യം ചെയ്യുന്ന 300 ഓളം തൊഴിലാളികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഈ വര്‍ഷം തന്നെ നല്‍കാനുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് ഉണ്ടാക്കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൂടുതലും ഉള്ളത്. ഇവര്‍ക്ക് വൈദ്യ പരിശോധന, ലാബ് പരിശോധന തുടങ്ങിയവ നടത്തി ഹെല്‍ത്ത് കാര്‍ഡ് നല്‍കും. മഞ്ഞപിത്തം, ടൈഫോയിഡ്, മറ്റു ജലജന്യ രോഗങ്ങള്‍, പകര്‍ച്ച വ്യാധികള്‍ തുടങ്ങിയരോഗങ്ങള്‍ തടയാന്‍ ഇതുമൂലം സാധിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഹോട്ടലുകള്‍ക്ക് നിലവാരം നിശ്ചയിച്ച് സമ്മാനവും പദ്ധതി മുഖേന നല്‍കും.