കാഞ്ഞങ്ങാട്: വിഷമയമായ പച്ചക്കറികള്‍ വാങ്ങി കഴിച്ച് ആരോഗ്യം നശിക്കുന്ന കാലത്ത് കാന്‍സറടക്കമുള്ള മാരകരോഗങ്ങളെ പ്രതിരോധിക്കാനുള്ള നൂറ്റി അമ്പതിലധികം ഇലക്കറികളുടെ വേറിട്ട സദ്യ ഒരുക്കി മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി.സ്‌കൂള്‍. ലോക നാട്ടറിവ് ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയ ഇലക്കറി പ്രദര്‍ശനം പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടും ശ്രദ്ധേയമായി.
നാട്ടുവഴികളിലും വയല്‍ക്കരയിലും സമൃദ്ധമായ പോഷകസമൃദ്ധവും ഔഷധ ഗുണവുമുള്ള നൂറു കണക്കിന് സസ്യങ്ങളുടെ ഇലകള്‍ മാത്രം ശേഖരിച്ചാണ് പച്ചിലത്തോരനും ചമ്മന്തിയും കട്‌ലറ്റും പച്ചടിയും അപ്പവും ഉണ്ടാക്കിയത്. തഴുതാമ, ചേമ്പില, മത്തനില, കുമ്പളയില, പയറില, ചീര, മുത്തിള്‍, വേലിച്ചീര, മണിത്തക്കാളി, ചേനയില തുടങ്ങി പത്തിലക്കൂട്ടങ്ങള്‍ കൊണ്ടുള്ള പത്തില തോരന്‍ മേളയിലെ ഇഷ്ടവിഭവമായി. മുരിങ്ങയില കട്‌ലറ്റ്, തകര, ചേന, കോവക്ക, കറിവേപ്പില എന്നിവ ചേര്‍ത്ത പച്ചില ഫിസ, നെടുംതാളപ്പം, ഇഞ്ചിയില, പാവയ്ക്കയില, മുത്തിള്‍, തഴുതാമചേര്‍ത്ത പച്ചടി, താളിലകൊണ്ടുള്ള വിശിഷ്ടമായ പത്രട, വാഴയിലത്തളിര് എണ്ണയില്‍ പൊരിച്ചെടുത്തത്. പ്രദര്‍ശനത്തിനു ശേഷം ഇലക്കറികളെല്ലാം കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തോടൊപ്പം വിളമ്പി കൊടുത്ത ശേഷമാണ് അമ്മമാര്‍ വീട്ടിലേക്ക് മടങ്ങിയത്. പിലിക്കോട് ഗവ.ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ കെ.ജി.സനല്‍ഷ മുഖ്യാതിഥിയായി. പ്രധാനാധ്യാപകന്‍ ഡോ.കൊടക്കാട് നാരായണന്‍, സീനിയര്‍ അസിസ്റ്റന്റ് കെ.വി.വനജ, സ്റ്റാഫ് സെക്രട്ടറി പി. ശ്രീകല, സണ്ണി.കെ.മാടായി, മദര്‍ പി.ടി.എ. പ്രസിഡണ്ട് രശ്മി പുതുവൈ, വിജിത എ.വി, സീന അനില്‍, സ്‌കൂള്‍ ലീഡര്‍ എം.വിഷ്ണു നേതൃത്വം നല്‍കി.