കാഞ്ഞങ്ങാട്: ദുര്‍ഗ്ഗയില്‍ ഇനി ചിത്രവസന്തം. കുട്ടികളുടെ ഭാവന വിസ്മയകരവും അനിര്‍വചനീയവുമാണ്. ഏഴാം തരത്തിലെ ജീവരാജും അതുല്‍, കീര്‍ത്തന കുമാര്‍, അസീം അഹമ്മദ്, ഭവ്യ, വിനായക്, പത്താം തരത്തിലെ അഖില്‍ നാരായണനും, ചിത്ര പ്രതിഭകളും വിദ്യാരംഗം കൂട്ടുകാരും ഒത്തുകൂടിയപ്പോള്‍ ദുര്‍ഗയ്ക്ക് സ്വന്തമായത് വര്‍ണ്ണ മനോഹരമായ ആര്‍ട്ട് ഗാലറി. സ്‌കൂളിലെ മുന്‍ ചിത്രകല അധ്യാപകന്‍ ഇ.ബി കാഞ്ഞങ്ങാട് ആര്‍ട്ട് ഗാലറി വിദ്യാര്‍ത്ഥികള്‍ക്കായ് തുറന്ന് കൊടുത്തു. പി.ടി.എ പ്രസിഡണ്ട് പല്ലവ നാരായണന്‍ അധ്യക്ഷത വഹിച്ചു. വര്‍ണ്ണങ്ങള്‍ കുരുന്നുകളുടെ ഭാവനയില്‍ ചിറക് വിടരുമ്പോള്‍ ആരെയും അതിശയിപ്പിക്കുന്ന കാന്‍വാസുകളാണ് ഗാലറിയില്‍ കാണാന്‍ കഴിഞ്ഞത്. സ്‌കൂളിലെ പതിനൊന്ന് ചിത്ര കലാകാരന്മാരുടെ ഇരുപതോളം ചിത്രങ്ങളാണ് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. സംസ്ഥാന തലത്തിലും വിവിധ മത്സരങ്ങളിലും നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കുരുന്നു പ്രതിഭകളുടെ വര്‍ണ്ണ വിസ്മയമാണ് ഇവിടെ യാഥാര്‍ത്ഥ്യമായിരിക്കുന്നത്. പ്രശസ്ത ശില്‍പിയും ദുര്‍ഗാ സ്‌കൂളിലെ ആര്‍ട്ട് അധ്യാപകനുമായ ചിത്രന്‍ കുഞ്ഞിമംഗലത്തിന്റെ നിര്‍ദ്ദേശങ്ങളും എസ്.ആര്‍.ജി കണ്‍വീനര്‍ സുധ ദേവി എം.എസ്, സ്റ്റാഫ് സെക്രട്ടറി ടി.വി. അരവിന്ദന്‍, വിദ്യാരംഗം കണ്‍വീനര്‍ ഫാത്തിമ മുജീബ് വലിയ പാട്ടില്ലത്ത്, വിദ്യാരംഗം കോഡിനേറ്റര്‍ മാരായ ഒ.പ്രതീഷ്, പി. സൗമ്യ, ഡെപ്യുട്ടി ഹെഡ് മാസ്റ്റര്‍ വിനോദ് മേലത്ത്, അധ്യാപകന്‍ ജയരാജ് വി.കെ., പ്രധാന അധ്യാപകന്‍ ടി.വി.പ്രദീപ് കുമാര്‍ എന്നിവരുടെ പ്രയത്‌നവും ആര്‍ട്ട് ഗാലറിക്ക് പിന്നിലുണ്ട്.