കാഞ്ഞങ്ങാട്: റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് കുഴിച്ചിട്ട പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണത്തിന് പിന്നിലെ ദുരൂഹത നീങ്ങിയില്ല. സത്യമറിയണമെങ്കില്‍ ഇനി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വരണം. ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായിരുന്ന തര്‍ക്കത്തിനിടയില്‍ ഉണ്ടായ ഒരു പരാമര്‍ശമാണ് മൃതദേഹം പുറത്തെടുക്കാന്‍ പൊലീസിനെ നിര്‍ബന്ധിതമാക്കിയത്. രാജസ്ഥാന്‍ സ്വദേശികളും ബലൂണ്‍ വില്‍പ്പനക്കാരുമായ ബന്ന-കാജല്‍ ദമ്പതികളുടെ ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഈ മാസം ഏഴിന് കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വെച്ചാണ് മരിച്ചത്. ആറാം മാസത്തിലാണ് കാജല്‍ പ്രസവിച്ചത്. കോഴിക്കോട് മെഡിക്കല്‍ ആസ്പത്രിയില്‍ വെച്ചാണ് പ്രസവിച്ചത്. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യ നില അന്ന് തൊട്ടേ ആശങ്കാജനകമായിരുന്നു. നാട്ടിലേക്ക് യാത്ര പുറപ്പെട്ടെങ്കിലും കനത്ത മഴയില്‍ കൊങ്കണ്‍പാതയില്‍ തീവണ്ടി ഓട്ടം നിര്‍ത്തിയതിനാല്‍ യാത്ര മുടങ്ങി. തുടര്‍ന്ന് കാഞ്ഞങ്ങാട്ടെത്തുകയായിരുന്നു. കുഞ്ഞിന് അന്ന് രാത്രി പനി രൂക്ഷമായതിനെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെ മറ്റ് വഴികളില്ലാത്തതിനാല്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് മൃതദേഹം മറവ് ചെയ്യുകയായിരുന്നു. പിന്നീട് ബന്നയെ ഒരു പീഡനക്കേസില്‍ പ്രതി ചേര്‍ത്തിരുന്നു. കാജലിന്റെ അടുത്ത ബന്ധുവാണ് പരാതി നല്‍കിയത്. പൊലീസ് കേസ് വന്നതില്‍ കാജലിനോടുള്ള വിരോധം തീര്‍ക്കാനാണ് കുഞ്ഞിനെ കൊന്നതെന്ന പരാമര്‍ശം നടത്തിയതെന്നാണ് സംശയം. എന്നാല്‍ മൊഴി കാര്യമാക്കിയതോടെയാണ് പൊലീസ് നടപടികള്‍ തുടങ്ങിയത്. വിവരം ഹൊസ്ദുര്‍ഗ് പൊലീസിന് കൈമാറുകയായിരുന്നു. സംശയം ദൂരീകരിക്കാനാണ് പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധനക്ക് അയച്ചത്. പൊലീസ് അന്വേഷണത്തിനിടയില്‍ ബന്ന പറഞ്ഞ കാമുകനെ കണ്ടെത്താനായില്ല. ഇത് കെട്ടുകഥയാണെന്ന് ഉറപ്പില്ലെങ്കിലും പൂര്‍ണ്ണമായും തള്ളിക്കളയാന്‍ കഴിയാത്തതിനാലാണ് പോസ്റ്റുമോര്‍ട്ടം നടത്തുന്നത്.
പൊലീസ് സര്‍ജന്‍ ഡോ. എസ്. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്. തഹസില്‍ദാര്‍ ബി. രത്‌നാകരന്‍, സി.ഐ. വിനോദ് കുമാര്‍, എസ്.ഐ.മാരായ ടി.കെ. മുകുന്ദന്‍, കെ. ലീല എന്നിവരും സ്ഥലത്തെത്തി.