ദേശീയ പാത വഴിയുള്ള യാത്ര ദുസ്സഹമായിരിക്കുകയാണ്. മഴ അല്‍പ്പമൊന്നടങ്ങിയപ്പോള്‍ റോഡുകളൊക്കെ വലിയ കുണ്ടും കുഴികളുമായി വാ പിളര്‍ന്ന് നില്‍ക്കുകയാണ്. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്കുള്ള യാത്ര ദുസ്സഹമായിട്ട് ആഴ്ചകള്‍ കഴിഞ്ഞു. കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് എത്താന്‍ സാധാരണയായി ഒരു മണിക്കൂര്‍ മതി. എന്നാലിപ്പോള്‍ രണ്ട് മുതല്‍ മൂന്നു മണിക്കൂര്‍ വേണ്ടി വരുന്നു. കുഴിയില്‍ വീണും നീന്തിക്കയറിയും വേണം വാഹനങ്ങള്‍ക്ക് മംഗളൂരുവിലെത്താന്‍. വാഹനങ്ങള്‍ റോഡില്‍ ആടിയുലയുകയാണ്. ഇരുചക്രവാഹന ഉടമകളാണ് ഏറെ ദുരിതം പേറുന്നത്. ഏത് സമയത്തും കുഴിയില്‍ വീണ് അപകടമുണ്ടാവാം. കാസര്‍കോട് മുതല്‍ മംഗളൂരുവരെയുള്ള പാതയില്‍ തകരാത്ത റോഡ് എവിടെയുമില്ല. തലപ്പാടി കഴിഞ്ഞാല്‍ മാത്രമാണ് അല്‍പ്പമൊരാശ്വാസം. രോഗികളുമായി മംഗളൂരിലെ ആസ്പത്രികളിലേക്ക് പോകുന്നവരും വലിയ ദുരിതമനുഭവിക്കുന്നു. അത്യാസന്ന നിലയിലുള്ള രോഗികള്‍ ആസ്പത്രിയിലെത്തുന്നതിന് മുമ്പേ മരണപ്പെട്ടില്ലെങ്കിലേ അതിശയപ്പെടേണ്ടതുള്ളൂ. റോഡ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നതിനാല്‍ അപകടം തിരിച്ചറിയാനാവുന്നില്ല. റോഡിലെ കുഴികളില്‍ വീണ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റുന്നതും പതിവാണ്. വാഹനങ്ങള്‍ക്ക് പതുക്കെ മാത്രമെ പോകാനാവു എന്നതിനാല്‍ ഗതാഗതക്കുരുക്കും നിത്യസംഭവമാണ്. വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ റോഡിലെ കല്ലുകള്‍ ഇളകി തെറിക്കുന്നത് മൂലവും അപകടമുണ്ടാവുന്നു. ചില സ്ഥലങ്ങളില്‍ നാട്ടുകാരും ചില സംഘടനകളും മണ്ണും കല്ലുമിട്ട് കുഴികള്‍ നികത്താന്‍ ശ്രമിച്ചെങ്കിലും തുടര്‍ച്ചയായുള്ള മഴ കാരണം അവിടെയൊക്കെ പഴയസ്ഥിതിയില്‍ തന്നെ യായി. കുണ്ടും കുഴിയും താണ്ടി നിശ്ചിത സമയത്തിനകം ലക്ഷ്യസ്ഥാനത്ത് എത്താനാവാത്തതിനാല്‍ ചില സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചിരിക്കയാണ്. ഇത് യാത്രക്കാരും ബസ് ജീവനക്കാരും തമ്മിലുള്ള വാക്കേറ്റത്തിനും കയ്യാങ്കളിക്കും കാരണമാവുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം സ്‌കൂളുകളില്‍ എത്താനും സാധിക്കുന്നില്ല. മഴ അല്‍പം മാറി തുടങ്ങിയിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് 15 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ആശ്വാസമുളവാക്കുന്നു. തലപ്പാടി മുതല്‍ കുമ്പള പെര്‍വാഡ് 23 കിലോ മീറ്റര്‍ വരെ മുഴുവന്‍ ടാര്‍ ചെയ്യുന്നതിനായി 12 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇതിന് പുറമെ പെര്‍വാഡ് മുതല്‍ കുമ്പള വരെ മൂന്ന് റിച്ചുകളിലായി 75 ലക്ഷവും അനുവദിച്ചിട്ടുണ്ട്. തലപ്പാടി മുതല്‍ ഇങ്ങോട്ടേക്കുള്ള ദേശീയ പാത ഇരട്ടിപ്പിക്കുന്നത് സംബന്ധിച്ച നടപടികള്‍ അവസാന ഘട്ടത്തിലാണ്. സ്ഥലം ഏറ്റെടുപ്പ് ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. ഇതൊക്കെ കഴിഞ്ഞ് പണി തുടങ്ങാന്‍ ഇനിയും കാലതാമസമുണ്ടാവും. ഇരട്ടപ്പാതയുടെ പേര് പറഞ്ഞാണ് റോഡ് ടാറിംഗ് നീട്ടിക്കൊണ്ടു പോകുന്നത്. ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് അതിന് കാത്തു നില്‍ക്കാതെ അടിയന്തിരമായി അറ്റകുറ്റപ്പണി നടത്താനുള്ള നടപടിയുണ്ടാവണം.