മംഗളൂരു: ദേശീയ പാതയില്‍ മംഗളൂരു നേത്രാവതി പാലത്തിന് മുകളില്‍ വാനിന് പിറകില്‍ ബൈക്കിടിച്ച് പൊയ്‌നാച്ചി സ്വദേശിയായ യുവാവ് മരിച്ചു. പൊയ്‌നാച്ചി അടുക്കത്ത് ബയലിലെ കരിച്ചേരി ശാരദയുടെയും പരേതനായ ഭാസ്‌കരന്‍ നായരുടെയും മകനും ദേര്‍ളകട്ട പണ്ഢിറ്റ് നഗറില്‍ താമസക്കാരനുമായ കെ. അഭീഷ് നായര്‍(27) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ അഭീഷിനെ ഉടന്‍ തന്നെ ദേര്‍ളകട്ടയിലെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല. മംഗളൂരു ടൗണില്‍ പോയി തിരിച്ച് താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ദുബായില്‍ ഉണ്ടായിരുന്ന അഭീഷ് വിവാഹ ആലോചനയുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പാണ് നാട്ടില്‍ എത്തിയത്. പെണ്ണുകാണാന്‍ എറണാകുളത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു. അതിനിടെയാണ് മരണം തട്ടിയെടുത്തത്. പെണ്ണുകാണല്‍ ചടങ്ങിനായി പൊയ്‌നാച്ചിയില്‍ നിന്നുള്ള ബന്ധുക്കള്‍ ദേര്‍ളകട്ടയിലേക്ക് പുറപ്പെടാനിരിക്കെ അഭീഷിന്റെ അപകട മരണ വാര്‍ത്തയണ് അറിയാന്‍ കഴിഞ്ഞത്. ഉദുമ പഞ്ചായത്ത് അംഗം കമലാക്ഷി ബാലകൃഷ്ണന്റെ സഹോദരിയുടെ മകനാണ് അഭീഷ്. ബ്രിജേഷ് കെ. നായര്‍, കെ. അഭിലാഷ് എന്നിവര്‍ സഹോദരങ്ങളാണ്.