കാസര്‍കോട്: നഗരത്തില്‍ പേ പാര്‍ക്കിങ് ഏര്‍പ്പെടുത്താന്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം. പഴയ ബസ്സ്റ്റാന്റ് മുതല്‍ തായലങ്ങാടി ട്രാഫിക് സിഗ്‌നല്‍ വരെയും കെ.പി.ആര്‍ റാവു റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനല്‍ ഭാഗത്തും പുതിയ ബസ് സ്റ്റാന്റില്‍ പ്രവേശിക്കുന്ന ഭാഗത്ത് നിര്‍മ്മിച്ച യാര്‍ഡിലുമായാണ് ആദ്യഘട്ട പേ പാര്‍ക്കിങ് ആരംഭിക്കുക. ആദ്യ രണ്ട് മണിക്കൂറിന് ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ചുരൂപയും മുച്ചക്ര-നാലു ചക്ര വാഹനങ്ങള്‍ക്ക് പത്തുരൂപയുമാണ് ഫീസ് ഈടാക്കുക. അധികം വരുന്ന ഓരോ മണിക്കൂറിനും അഞ്ചുരൂപ വീതവും ഈടാക്കാനാണ് കൗണ്‍സില്‍ തീരുമാനം. ഫീസ് പിരിക്കാനുള്ള ചുമതല കുടുംബശ്രീ യൂണിറ്റിനാണ്. നിത്യേന ആയിരത്തിലേറെ വാഹനങ്ങളാണ് നഗരത്തിലെത്തുന്നത്.
ഇവ പാര്‍ക്ക് ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെയാണ് പേ പാര്‍ക്കിങ് സംവിധാനവുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചത്. മുനിസിപ്പല്‍ പരിധിയിലെ 90 ശതമാനം വ്യാപാര സ്ഥാപനങ്ങള്‍ക്കും ആവശ്യമായ പാര്‍ക്കിങ് ഏരിയകളില്ലാത്തത് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്.
കൂടുതല്‍ പ്രദേശങ്ങളില്‍ സൗകര്യമൊരുക്കിയാല്‍ പേ പാര്‍ക്കിങ് നഗരസഭയ്ക്ക് വരുമാന വര്‍ധനവിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിനും ചെറിയ തോതിലെങ്കിലും പരിഹാരം കാണാനാകും. യോഗത്തില്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം അധ്യക്ഷത വഹിച്ചു.