കാസര്‍കോട്: ഗ്രീന്‍ കാസര്‍കോട് പദ്ധതിയുമായി തളങ്കര ഗവ. മുസ്ലീം ഹൈസ്‌കൂളിലെ 1975 എസ്.എസ്.എല്‍.സി. ബാച്ചിലെ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗ്രീന്‍ കാസര്‍കോട് പദ്ധതിയുടെ അടുത്ത ഘട്ടത്തിന്റെ ഭാഗമായി കെ.എസ്.ടി.പി.റോഡിനിരുവശവും പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ തണല്‍, അലങ്കാര വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇതിന്റെ ഉദ്ഘാടനം ജില്ലാ കലക്ടര്‍ ഡോ.ഡി.സജിത് ബാബു നിര്‍വ്വഹിക്കും. കെ.എസ്.ടി.പി.റോഡിലെ ട്രാഫിക് സിഗ്‌നലിന് സമീപത്താണ് ചടങ്ങ്. മരങ്ങള്‍ സംരക്ഷിക്കാതെ മുറിച്ച് നീക്കുന്നത് കൊണ്ടാണ് പ്രളയം പോലെയുള്ള ദുരന്തം വരുന്നതെന്നുള്ള തിരിച്ചറിവ് ജനങ്ങളിലെക്കെത്തിക്കുകയാണ് ഗ്രീന്‍ കാസര്‍കോട് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
2011 സെപ്തംബറിലാണ് ’75 മേറ്റസ് ‘ രൂപീകരിച്ചത്. പഠനത്തില്‍ മിടുക്കന്‍മാരായ എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഐ.എ.എസ്.അഭിലാഷം പൂര്‍ത്തീകരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ കോച്ചിങ്ങ് നല്‍കി വരുന്നു. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സഹായങ്ങള്‍ നല്‍കി. 3000 രോഗികള്‍ക്ക് മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രീന്‍ കാസര്‍കോടിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചത് കഴിഞ്ഞ മാസം 22 നായിരുന്നു. ചെയര്‍മാന്‍ ടി.ഷാഹുല്‍ ഹമീദാണ് ഉദ്ഘാടനം ചെയ്തത്. തുടര്‍ന്ന് തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി പരിസരങ്ങള്‍, റെയില്‍വെ സ്റ്റേഷന് സമീപത്തെ ചര്‍ച്ച് പരിസരങ്ങളിലും തണല്‍വൃക്ഷ തൈകള്‍ നട്ടുപിടിപ്പിച്ചതായും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കണ്‍വീനര്‍ ടി.എ.ഖാലിദ്, എം.എ.അഹമദ്, കെ.എ.മുഹമ്മദ് ബഷീര്‍ വോളിബോള്‍, പി.എം.കബീര്‍, സി.എം.മുസ്തഫ, പി.എ.മജീദ്, ബി.യു. അബ്ദുല്ല, കെ.കെ.സുലൈമാന്‍, പി.എ.മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.