കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി സെപ്തംബര്‍ 4 ന് ജില്ലയിലെ സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ച് ജീവനക്കാരും ബസുടമകളും കലക്‌ട്രേറ്റിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദേശീയപാത ഉള്‍പ്പെടെ ജില്ലയിലെ പൊട്ടിപ്പൊളിഞ്ഞ മുഴുവന്‍ റോഡുകളും അടിയന്തിരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുക, നിയമാനുസൃതമായ പെര്‍മിറ്റോ സമയമോ ഇല്ലാതെ കെ.എസ്.ആര്‍.ടി.സി.യുടെ സര്‍വ്വീസുകള്‍ പിന്‍വലിക്കുക, സ്വകാര്യബസുകളിലേതു പോലെ കെ.എസ്.ആര്‍.ടി.സി. ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക, മിക്‌സഡ് റൂട്ടുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി. യുടെ കടന്നുകയറ്റം അവസാനിപ്പിക്കുക, സമാന്തര സര്‍വ്വീസുകള്‍ക്ക് എതിരെയുള്ള കേരള ഹൈക്കോടതിവിധി നടപ്പിലാക്കുക, ഡീസല്‍ വിലവര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ ബസുടമകളും ജീവനക്കാരും മാര്‍ച്ചും ധര്‍ണ്ണയും നടത്തുന്നത്. സര്‍ക്കാറിന്റെ വികലമായ നയങ്ങളും ഡീസല്‍ സ്‌പെയര്‍പാട്‌സുകളുടെ ദിനേനയുള്ള വിലക്കയറ്റവും സ്വകാര്യ ബസ് വ്യവസായം തകര്‍ച്ചയുടെ വക്കിലാണെന്നും ജില്ലയില്‍ 600 ലധികം സ്വകാര്യ ബസുകള്‍ ഉണ്ടായ സ്ഥാനത്ത് ഇപ്പോള്‍ പകുതിയായി കുറഞ്ഞിരിക്കുകയാണെന്നും ഭാരവാഹികള്‍ അറിയിച്ചു. നിലനില്‍പിനായി നടത്തുന്ന സമരത്തിന് പൊതു ജനങ്ങളുടെ പിന്തുണയും അഭ്യര്‍ത്ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, ജോ. സെക്രട്ടറി ശങ്കര നായക്ക്, ട്രഷറര്‍ പി.എ. മുഹമ്മദ് കുഞ്ഞി സംബന്ധിച്ചു.