കാഞ്ഞങ്ങാട്: വാട്‌സ് ആപ്പില്‍ അശ്ലീലചിത്രമയച്ചതുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ വിവാദം പുകയുന്നു. വിഷയം പാര്‍ട്ടികക്കത്തും പുറത്തും ചര്‍ച്ചാവിഷയമായതോടെ ഷൊര്‍ണ്ണൂര്‍ മോഡല്‍ അന്വേഷണത്തിന് നേതൃത്വം രംഗത്തുവന്നു.
ഈ നിലപാടും ജില്ലയില്‍ ചര്‍ച്ചാവിഷയമാകുകയാണ്. പൊലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തുന്നതിന് പകരമാണ് പാര്‍ട്ടി തന്നെ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്. ഷൊര്‍ണ്ണൂരില്‍ ജനപ്രതിനിധിക്കെതിരെ ഉയര്‍ന്ന പീഡന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാന നേതൃത്വം കമ്മീഷനെ നിയോഗിച്ചത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ചുവടൊപ്പിച്ചാണ് ജില്ലയിലും പാര്‍ട്ടി അന്വേഷണകമ്മീഷനുണ്ടാക്കിയത്. വിവാദത്തിലുള്‍പ്പെട്ട നീലേശ്വരത്തെ ഒരു ഏരിയാകമ്മിറ്റിയംഗത്തെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. തുടര്‍ന്നാണ് ആരോപണത്തെക്കുറിച്ചന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ചത്. വനിതാനേതാവ് യുവനേതാവിന്റെ ഫോണിലേക്ക് അശ്ലീലചിത്രമയച്ചെന്നാണ് ആരോപണം. യുവനേതാവ് പാര്‍ട്ടികമ്മിറ്റിയില്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ടെങ്കിലും പാര്‍ട്ടിയില്‍ വിവാദം കൊഴുക്കുകയാണ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു. ഈ യോഗമാണ് പാര്‍ട്ടികമ്മീഷനെ നിയോഗിച്ചത്.