അനുസ്മരണം ഉത്തരദേശത്തിലെ വെറും കോളമല്ല. കാസര്‍കോടിന്റെ പ്രാദേശിക ചരിത്ര സഞ്ചയമാണ്. പ്രാദേശികമായി മാത്രം അറിയപ്പെടുകയും എന്നാല്‍ അവരുടെ ദേശത്തിന്റെ നുറുങ്ങുവട്ടത്തില്‍ മാത്രം സഹജീവികള്‍ക്ക് സഹായവും സാന്ത്വനവും നല്‍കിയ, സാര്‍ത്ഥകമായി ജീവിച്ച് യവനികയുടെ പിന്നിലേയ്ക്ക് മറഞ്ഞ, സഫല ജീവിതമാണ് അനുസ്മരണത്തിന്റെ ഉള്ളടക്കവും പൊരുളും.
കോളത്തിന് നല്‍കിയ അനുസ്മരണം എന്ന പേര് വളരെ അര്‍ത്ഥപൂര്‍ണ്ണമാണ്. അനുസ്മരണത്തിന് ഇംഗ്ലീഷിലെ സമാന പദം റെമിനിസെന്‍സ് (reminiscence) എന്നാണ്. ഈ പദത്തിന് വിപുലമായ അര്‍ത്ഥതലങ്ങളുണ്ട്. സ്മരണക്കുറിപ്പുകളുടെ സമാഹാരമായ സാഹിത്യകൃതി എന്നൊരര്‍ത്ഥവും ഈ പദത്തിന് ഇംഗ്ലീഷിലുണ്ട്.
reminiscence എന്ന പദം തലക്കെട്ടായി വരുന്ന ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങളുണ്ട്. നെഹ്‌റുവിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.ഒ. മത്തായിയുടെ വിവാദമായ പുസ്തകത്തിന്റെ ടൈറ്റില്‍ Reminiscences Of The Nehru Age എന്നായിരുന്നല്ലോ. അനുസ്മരണം എന്ന വാക്കിന് മലയാളനിഘണ്ടുവില്‍ കാണുന്ന അര്‍ത്ഥം വീണ്ടുമുള്ള ഓര്‍മ, കൂടെക്കൂടെയുണ്ടാകുന്ന ഓര്‍മ എന്നൊക്കെയാണ്. സംസ്‌കൃതത്തിലെ സമാനപദം സ്മൃതി.
ചരിത്രമെന്ന് പറയുന്നത്
വിസ്തൃതമായ രാജ്യങ്ങളുടെയും രാജാക്കന്മാരുടെയും അഥവാ ഭരണാധികാരികളുടെയും ചരിത്രമെന്നാണ് യാഥാസ്ഥിതിക ധാരണ. ഈ പൊതുധാരണയുടെ നിരാസമാണ് ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നതെന്ന മാര്‍ക്‌സിയന്‍ കാഴ്ചപാട്. ഇപ്പോള്‍ പ്രാദേശിക ചരിത്രവും ചരിത്രത്തിന്റെ കൈവഴിയാണെന്ന പൊതുബോധം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഈ അവബോധം കേരളത്തില്‍ പ്രാദേശിക ചരിത്ര രചനയെ ഗണനീയമായ വിധത്തില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. കേരളത്തിലെ പ്രാദേശിക ഭരണകൂടമായ ഗ്രാമപഞ്ചായത്തുകള്‍ പലതും തങ്ങളുടെ പഞ്ചായത്തിന്റെ ചരിത്രം എഴുതി പ്രസിദ്ധപ്പെടുത്തിക്കഴിഞ്ഞു.
അത്യുത്തരകേരളത്തിലെ പുത്തിഗയെക്കുറിച്ച് ഒരു പ്രാദേശിക ചരിത്രം രചിക്കപ്പെട്ടതായി കേട്ടിട്ടുണ്ട്.
ഉത്തരദേശത്തിലെ അനുസ്മരണം കോളത്തെ നിസ്തുലമാക്കുന്ന പല സവിശേഷതകളുണ്ട്. അനുസ്മരണത്തില്‍ ആദരപൂര്‍വ്വം സ്മരിക്കപ്പെടുന്ന ആരും ചരിത്രതാളുകളില്‍ ഇടം നേടിയ പ്രഗത്ഭമതികളോ സെലിബ്രിറ്റികളോ അല്ല. തികച്ചും പ്രാദേശിക പ്രവര്‍ത്തന വട്ടത്തില്‍ മാത്രം ഒരു ചെറിയ ജനസമൂഹങ്ങളാല്‍ നന്ദിപൂര്‍വ്വം സ്മരിക്കപ്പെടുന്നവര്‍.
പ്രാദേശികതയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറത്ത് തികച്ചും അജ്ഞാതര്‍. ഇത്തരക്കാര്‍ ഇഹലോകവാസം വെടിഞ്ഞാല്‍ അവരുടെ ത്യാഗസന്നദ്ധയുടെ നറുമണം അവിടെ അവസാനിക്കുന്നു.
ഗുണഭോക്താക്കളുടെ മനസ്സുകളില്‍ ഹൃസ്വകാലം ഈ ത്യാഗികള്‍ ഓര്‍മ്മിക്കപ്പെടാം. അനിവാര്യമായി വിസ്മരിക്കപ്പെടാന്‍ വേണ്ടി. ഇത്തരക്കാരുടെ ജീവിതത്തെപ്പറ്റിയാണ് മഹാകവി തോമസ് ഗ്രേ പറഞ്ഞത്.
‘-Full many a gem of purest ray serene, The dark unfathom’d caves of ocean bear: Full many a flower is born to blush unseen,
And waste its sweetness on the desert air.’
സത്യത്തില്‍ ഇവര്‍ കാട്ടുപ്പൂക്കള്‍ തന്നെയാണ്; വനാന്തരഭാഗത്ത് വിരിഞ്ഞ് മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടത്തില്‍ സുഗന്ധം പരത്തുന്നവര്‍. ഈ കാട്ടുപ്പൂക്കളെയാണ് അഥവാ കവി പറഞ്ഞതുപോലെ സമുദ്രാന്തര്‍ഭാഗത്ത് ചെളിയില്‍ ആരും കാണാതെ തിളങ്ങുന്ന മുത്തുകളെയാണ് അനുസ്മരണത്തില്‍ ആദരവോടെ സ്മരിക്കപ്പെടുന്നത്.
അങ്ങനെ ഇവര്‍ക്കും ഹൃസ്വമെങ്കിലും ഒരു ലിഖിത ചരിത്രമുണ്ടാകുന്നു. അനുസ്മരണത്തിലെ ജീവചരിത്രക്കുറിപ്പുകാരില്‍ ഭൂരിപക്ഷവും സാഹിത്യകാരന്മാരോ എഴുത്തുകാരോ അല്ല. അക്ഷരം കൂട്ടിയെഴുതാനറിയുന്ന സാധാരണക്കാര്‍. ഇവരുടെ ഭാഷയ്ക്ക് ചമല്‍ക്കാരഭംഗി കാണില്ല. ആദിമദ്ധ്യാന്ത പൊരുത്തം ഒരു മരീചികയാവാം. പക്ഷേ ഭാഷാപരമായ ഈ ന്യൂനതയെ ഉല്ലംഘിക്കുന്ന ആര്‍ജ്ജവവും പരേതനോടുള്ള ആദരവും ഇവരുടെ എഴുത്തിലെ വരികള്‍ക്കിടയില്‍ അനുഭവപ്പെടും. മരണപ്പെട്ടവരെക്കുറിച്ച് എനിക്കറിയില്ല. അവരെക്കുറിച്ച് funeral orations എഴുതുന്നവരെ കുറിച്ചും എനിക്കറിയില്ല. എന്നിട്ടും ഈ കോളം ഞാന്‍ സ്ഥിരമായി വായിക്കുന്നു. അറിയപ്പെടാത്ത പരേതാത്മക്കളോടുള്ള ബഹുമാനസൂചകമായി.
കോളത്തിന് അനുസ്മരണം എന്ന് ആര് നാമകരണം ചെയ്തു? പേരിന്റെ പിന്നിലെ പ്രേരണ? കെ.എം. അഹ്മദ് മാഷ് ഇന്നില്ല. സംശയം തീര്‍ക്കാന്‍. അദ്ദേഹം ആരംഭിച്ച ഈ കോളം ഇന്നും ചരിത്രദൗത്യം നിര്‍വ്വഹിക്കുന്നു. അറിയപ്പെടാത്ത എത്രയോ പേരുടെ ത്യാഗസുരഭിലമായ അരുകുജീവിതങ്ങള്‍ സ്വരവ്യഞ്ജനങ്ങളില്‍ കുറിക്കപ്പെടുന്നു. ഒരിക്കല്‍ ഞാനും ഈ കോളത്തിന്റെ ഭാഗമാകാം. പക്ഷേ എന്നെപ്പറ്റിയെഴുതിയത് വായിക്കാനുള്ള ഭാഗ്യം എനിക്കുണ്ടാവില്ലല്ലോ. അതോര്‍ക്കുമ്പോള്‍ മ്ലാനത.