വിദ്യാനഗര്‍: നിയമം വിട്ട് പ്രവര്‍ത്തിക്കാത്ത കരാറുകാര്‍ക്ക് കടലാസ് സംഘടനകള്‍ ഉള്‍പ്പെടെ ആരെയും ഭയപ്പെടേണ്ടതില്ലെന്നും പണത്തിന് വേണ്ടി കഴുകന്റെ കണ്ണുമായി ചിലര്‍ കരാറുകാരെ വേട്ടയാടുന്നത് അനുവദിക്കാന്‍ കഴിയില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി. പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തി നൂറ് ശതമാനവും സത്യസന്ധതയോടെ ചെയ്യുന്നവര്‍ക്ക് സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും ജനങ്ങളുടെ ജീവന്‍ വന്‍കിട പാലങ്ങളും കെട്ടിടങ്ങളും പണിയുന്ന കരാറുകാരുടെ കയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ഗവ.കോണ്‍ട്രാക്‌റ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ഓഫീസ് വിദ്യാനഗര്‍ പോസ്റ്റ് ഓഫീസിന് സമീപമുള്ള ബിസ്മില്ല കോപ്ലക്‌സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് ജാസ്മിന്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വര്‍ഗീസ് കണ്ണംപള്ളി മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എ.മാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ശ്രീകാന്ത്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കെ.പി.വിനോദ്കുമാര്‍, അസി.എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ എം.സജിത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഹരിദാസ്, ജില്ലാ പ്രസിഡണ്ട് ബി.കെ.മുഹമ്മദ് കുഞ്ഞി, ജില്ലാ സെക്രട്ടറിമാര്‍ക്ക് മുഹമ്മദ്, അബ്ദുള്ള കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് എതിര്‍തോട്, മൊയ്തീന്‍ ചാപ്പാടി, എം.ടി.കബീര്‍, നിസാര്‍ കല്ലട്ര തുടങ്ങിയവര്‍ സംസാരിച്ചു. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സന്ദീപ് ജി.എസ്.ടി.ക്ലാസ് എടുത്തു.