കാസര്‍കോട്: വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപത്തെ ഗോഡൗണില്‍ സൂക്ഷിച്ച മൂന്നര ലക്ഷം രൂപയുടെ സാമഗ്രികള്‍ കവര്‍ന്ന കേസില്‍ രണ്ട് പേരെ കാസര്‍കോട് പൊലീസ് അറസ്റ്റ് ചെയ്തു. ചെട്ടുംകുഴിയിലെ മുസ്തഫ (20), ഇന്ദിരാനഗറിലെ മുഹമ്മദ് ഷരീഫ്(20) എന്നിവരെയാണ് കാസര്‍കോട് എസ്.ഐ. മെല്‍വിന്‍ ജോസും സംഘവും വടകരയില്‍ വെച്ച് ഇന്നലെ അറസ്റ്റ് ചെയ്തത്. മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറിന് സമീപത്ത് ചില്‍ഡ്രന്‍സ് പാര്‍ക്കിന്റെ നിര്‍മ്മാണാവശ്യാര്‍ത്ഥം സൂക്ഷിച്ച സാമഗ്രികളാണ് കവര്‍ന്നത്. രണ്ട് മാസം മുമ്പാണ് സംഭവം. നിര്‍മ്മാണ ചുമതലയുള്ള സംഘം മജീദ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷിച്ച് വരികയായിരുന്നു. ഇവിടെ നിന്ന് കവര്‍ന്ന മൂന്ന് ആംബ്ലിഫയറുകള്‍ വടകരയില്‍ വില്‍പ്പന നടത്തിയതായി കണ്ടെത്തി. കേസിലെ മുഖ്യപ്രതി പെരുമ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന അസ്‌കര്‍, മൊയ്തീന്‍, പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ എന്നിവരെ അന്വേഷിച്ച് വരുന്നതായി പൊലീസ് പറഞ്ഞു.