കാസര്‍കോട്: ഗതാഗതമേഖലയിലെ പ്രശ്‌നങ്ങള്‍ കാരണം വീര്‍പ്പുമുട്ടുന്ന കാസര്‍കോട് ജില്ലയ്ക്ക് ആശ്വാസമായി ജലപാത വരുന്നു. കോവളം കാസര്‍കോട് ജലപാതയുടെ ഭാഗമായാണ് ജില്ലയില്‍ നീലേശ്വരം ബേക്കല്‍ പാത യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന്റെ സ്ഥലമെടുപ്പ് സര്‍വേ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചുകഴിഞ്ഞു. പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും റോഡ് ഗതാഗതം എളുപ്പമാക്കാനും ജലപാത വഴിയുള്ള ഗതാഗതം പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചരക്കുഗതാഗതവും ടൂറിസവും മെച്ചപ്പെടാന്‍ ഈ പാത സഹായകമാകുമെന്നതാണ് മറ്റൊരു പ്രത്യേകത. നിലവിലുള്ള പുഴപുറമ്പോക്ക് സ്ഥലത്തിന് അതിരിടല്‍. അക്വയര്‍ ചെയ്യുന്നതിനാവശ്യമായ സ്ഥലം തിട്ടപ്പെടുത്തല്‍ തുടങ്ങിയ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഇതിനുമുമ്പ് ഡ്രോണ്‍ സര്‍വേ നടത്തിയിരുന്നു. കോട്ടപ്പുറം പുഴ, നീലേശ്വരം പുഴ, നമ്പ്യാര്‍ക്കല്‍ അണക്കെട്ട് , അരയിപ്പുഴ, അരയി തടാകം, ചെമ്മട്ടം വയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപത്തുകൂടി കടന്ന് വെള്ളിക്കോത്ത്, മഡിയന്‍ കൂലോം കോടാട്ട് വി.സി.ബി. ചിത്താരിപുഴ, ബേക്കല്‍ വരെയാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. 10 കിലോ മീറ്ററോളം വരുന്ന പാതയില്‍ 100 ഏക്കര്‍ സ്ഥലം അക്വയര്‍ ചെയ്യേണ്ടിവരുമെന്നാണ് വിവരം. നിലവിലുള്ള നടപ്പാലങ്ങള്‍ അടക്കമുള്ളവ ഉയര്‍ത്തുന്നതോടൊപ്പം കടല്‍ ഉപ്പുവെള്ളം കയറുന്നത് തടയാന്‍ നമ്പ്യാര്‍ക്കലിലും ചിത്താരിപ്പുഴയുടെ ഭാഗത്തും ലോക്ക് സ്ഥാപിക്കേണ്ട ജോലി കൂടി ആവശ്യമായി വരും.