കാസര്‍കോട്: സ്വാതന്ത്ര്യസമര സേനാനി എ.സി. കണ്ണന്‍ നായരുടെ നാമധേയത്തില്‍ പ്രവര്‍ത്തിക്കുന്ന മേലാങ്കോട്ട് എ.സി.കണ്ണന്‍ നായര്‍ സ്മാരക ഗവ.യു.പി. സ്‌കൂള്‍ മികവിന്റെ പാതയില്‍ കുതിക്കുന്നു. ചുറ്റുവട്ടത്തില്‍ സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇരുപതോളം പ്രവര്‍ത്തിക്കുമ്പോഴും ഇവിടെ കുട്ടികളുടെ എണ്ണം വര്‍ഷം തോറും വര്‍ധിച്ചുവരുന്നു. മുമ്പ് നാന്നൂറില്‍ താഴെ മാത്രം കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തില്‍ ഇന്ന് പ്രീ പ്രൈമറി തൊട്ട് ഏഴാം ക്ലാസുവരെ 508 കുട്ടികള്‍ പഠിക്കുന്നുണ്ട്. കുട്ടികളെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ മലയാളം മീഡിയത്തില്‍ തന്നെ പഠിപ്പിക്കണമെന്ന നിര്‍ബന്ധമുള്ള രക്ഷിതാക്കള്‍ ദൂരസ്ഥലങ്ങളില്‍ നിന്നു പോലും അഡ്മിഷനു വേണ്ടി മുന്‍കൂട്ടി വിദ്യാലയത്തിലെത്തുന്നത് സവിശേഷതയാണ്. മികച്ച പഠന നിലവാരവും സ്‌കൂള്‍ ഭൗതിക സൗകര്യങ്ങളുടെ വികസനത്തില്‍ മാത്രമല്ല അക്കാദമിക പ്രവര്‍ത്തനങ്ങളിലും രക്ഷിതാക്കളുടെ സജീവമായ ഇടപെടലും പരിഗണിച്ച് മികച്ച പി.ടി എ.യ്ക്കുള്ള പുരസ്‌കാരത്തിന് സബ് ജില്ലയില്‍ ഒന്നാം സ്ഥാനവും ജില്ലാതലത്തില്‍ രണ്ടാം സ്ഥാനവും വിദ്യാലയത്തിന് ലഭിച്ചു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ അനുവദിച്ച രണ്ടര കോടിയുടെ കെട്ടിട നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു. വിദ്യാലയത്തിന്റെ മുഖഛായ തന്നെ നാലു മാസത്തിനുള്ളില്‍ മാറ്റാനുള്ള ഒരുക്കത്തിലാണ് പി.ടി.എ.യും വാര്‍ഡ് കൗണ്‍സിലറായ നഗരസഭാ ചെയര്‍മാന്‍ വി.വി.രമേശനും. നാല് ജില്ലാതല ക്വിസ് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം ഈ വിദ്യാലയത്തിലെ ശ്രീനന്ദന്‍.കെ.രാജിനും ആയുഷ് മധുവിനുമാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാന തല ക്വിസ് മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയിരുന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന മാത്‌സ് മത്സരത്തില്‍ ആറാംതരത്തിലെ ശ്രീനന്ദന്‍ മാത്രമാണ് സബ് ജില്ലയില്‍ നിന്ന് തിരെഞ്ഞെടുക്കപ്പെട്ടത്. സബ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ (16 പേര്‍) എല്‍.എസ്.എസ്. നേടി. ആറാംതരം വിദ്യാര്‍ത്ഥികളായ മേഘ്നയും വിസ്മയയും ദേശീയ തെയ്‌ക്കോണ്ടോ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു.
രണ്ടു കറി മതിയെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിട്ടും മേലാങ്കോട്ടെ കുട്ടികളുടെ ഉച്ചയൂണിന് പോഷകസമൃദ്ധമായ മൂന്നു കറികളുണ്ട്. പാചക തൊഴിലാളികള്‍ക്കു പുറമെ ഭക്ഷണം തയ്യാറാക്കാന്‍ ഊഴമിട്ട്് എത്തുന്ന രക്ഷിതാക്കള്‍ കയ്യില്‍ കരുതുന്ന നാടന്‍ പച്ചക്കറികളും കിഴങ്ങുകളും ഇലകളുമാണ് മേലാങ്കോട്ടെ അടുക്കളയെ അതുല്യമാക്കുന്നത്. മേലാങ്കോടിന്റെ നന്മകള്‍ അറിയാന്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നായി നൂറിലധികം അധ്യാപകരും പി.ടി.എ. ഭാരവാഹികളുമാണ് വിദ്യാലയത്തിലെത്തിയത്. എച്ച്.എന്‍. പ്രകാശന്‍ ആണ് പി.ടി.എ. പ്രസിഡണ്ട്. രശ്മി പുതുവൈ പ്രസിഡന്റായി മദര്‍ പി.ടി.എ യും അഡ്വ.പി.അപ്പുക്കുട്ടന്‍ ചെയര്‍മാനായി വികസന സമിതിയും ബി.ബാബു പ്രസിഡണ്ടായി പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും പ്രവര്‍ത്തിക്കുന്നു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് ഡോ. കൊടക്കാട് നാരായണനാണ് സ്‌കൂളിലെ പ്രധാനാധ്യാപകന്‍.